തിരുവനന്തപുരം: ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും നേതാക്കള്‍ ബിജെപിയിലേക്ക് പോകാന്‍ നില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുധാകരന്‍ തന്നെ തനിക്ക് തോന്നിയാല്‍ ബിജെപിയിലേക്ക് പോവുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യവും അഭിമുഖത്തില്‍ ഉയര്‍ന്നു. ഇതിനുള്ള മറുപടിയും അദ്ദേഹം നൽകുന്നുണ്ട്.
പാര്‍ട്ടിയുടെ അവസ്ഥ മോശമാവുമ്പോള്‍ അപൂര്‍വം ചില നേതാക്കള്‍ മരുപച്ച തേടിപോവുന്ന അവസ്ഥയെപ്പോഴും ഉണ്ടാകുമെന്നും, എന്നാൽ കോൺഗ്രസിൽ അങ്ങനെ ആരും ഇല്ലെന്നും അദ്ദേഹം പറയുന്നു. ‘എനിക്ക് തോന്നിയാല്‍’ ബി.ജെ.പിയിലേക്ക് പോകുമെന്നാണ് താൻ പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി. ബി.ജെ.പി ഒരു വർഗീയ പാർട്ടി ആണെന്നും, താൻ ഒരിക്കലും ബി.ജെ.പിയിൽ ചേരില്ലെന്നും സുധാകരൻ അഭിമുഖത്തിൽ വ്യക്തമാക്കി.
‘ബി.ജെ.പിയില്‍ ചേരുന്നതിനെ കുറിച്ച് ഞാൻ ഒരിക്കലും ആലോചിച്ചിട്ടില്ല. ഞാനൊരിക്കലും ആലോചിക്കാത്ത ഒരു കാര്യത്തെ കുറിച്ച് മാധ്യമങ്ങള്‍ തന്നോട് ചോദിച്ചപ്പോള്‍ തനിക്ക് ദേഷ്യം വന്നു. അതിനോടുള്ള പ്രതികരണമായിരുന്നു അത്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും തന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നില്ല. അത്തരമൊരു പ്രസ്താവന നടത്തിയതില്‍ ഖേദമില്ല. ബി.ജെ.പിയിലേക്ക് ഞാൻ പോകുമെന്നോ പോകാന്‍ തോന്നുന്നുവെന്നോ പറഞ്ഞിട്ടില്ല. എനിക്ക് പോവാന്‍ തോന്നിയാല്‍ ഞാൻ പോവുമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞുവെച്ചിട്ടുള്ളതാണ് തന്റെ ജീവിതം. ബിജെപിയെ പോലൊരു വര്‍ഗീയ പാര്‍ട്ടിയില്‍ താന്‍ ചേരില്ല. ഇനി അവര്‍ വര്‍ഗീയത ഉപേക്ഷിച്ചാല്‍ പോലും കോണ്‍ഗ്രസ് വിടുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുന്നില്ല’, സുധാകരൻ പറഞ്ഞു.
Post Your Comments