
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം വിദഗ്ധന്‍റെ സഹായിയായി ഷാഫി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. മധ്യകേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായപ്പോഴാണ് പോസ്റ്റ്മോർട്ടം മുറിയിലും മുഹമ്മദ് ഷാഫി പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നരബലി ചെയ്ത് കുഴിച്ചുമൂടിയ പത്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ടാണ് ഫോറൻസിക് വിദഗ്ധർ ആദ്യം ഇത് സംബന്ധിച്ച സംശയം ഉന്നയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്. ഫോറൻസിക് വിദഗ്ധരുടെ അറിയിപ്പ് പ്രകാരം, പൊലീസ് വിശദമായ അന്വേഷണം നടത്തി. പൊലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, നരബലിക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ ഇലന്തൂരില്‍ തെളിവെടുപ്പിനായി എത്തിച്ചു. സംഘത്തോടൊപ്പം മര്‍ഫി, മായ എന്നീ പൊലീസ് നായ്ക്കളും ഉണ്ട്. ചോദ്യം ചെയ്യലില്‍ ഷാഫി ഒന്നും സമ്മതിക്കുന്നില്ല. ഇയാള്‍ക്ക് ശ്രീദേവി എന്ന പേരില്‍ മാത്രമല്ല മറ്റ് വ്യാജ ഫേസ്ബുക്ക് ഐഡികളുമുണ്ട്. ഇവ കണ്ടെത്തി ചാറ്റുകള്‍ വീണ്ടെടുത്താല്‍ മാത്രമേ സമാനമായ ക്രൂരകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ. സംസ്ഥാനത്ത് മാത്രമല്ല മറ്റു ഇടങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇയാള്‍ക്ക് പിന്നില്‍ സഹായികളോ അല്ലെങ്കില്‍ മറ്റൊരു റാക്കറ്റുകളോ ഉണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
Post Your Comments