പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോയിപ്രം പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്നകാലായിൽ സുരേന്ദ്രെൻറ മകൾ സൂര്യയാണ് (25) മരിച്ചത്. ഭർത്താവ് പേക്കാവുങ്കൽ വിഷ്ണുവാണ് (29) പിടിയിലായത്. ഇയാൾക്കെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സൂര്യയെ കാണപ്പെട്ടത്. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈ വർഷം മേയ് എട്ടിന് കോയിപ്രം പുരയിടത്തിക്കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.
Read Also : രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം 10 മുതല്‍ ദക്ഷിണേന്ത്യയില്‍
സംഭവദിവസം, അമിതമായി മദ്യപിച്ച നിലയിൽ കാണപ്പെട്ട വിഷ്ണുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവാഹസമയം സൂര്യയുടെ വീട്ടുകാർ കൊടുത്ത നാലു പവൻ സ്വർണം ഇയാൾ പണയംവെച്ചത്, തിരിച്ചെടുത്തു കൊടുക്കാൻ സൂര്യ ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. വിവാഹം കഴിഞ്ഞതു മുതൽ പല കാരണങ്ങൾ പറഞ്ഞ് സൂര്യയെ മർദ്ദിക്കാറുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദ അന്വേഷണം തുടരുകയാണ്.
Post Your Comments