തൃശൂര്‍: മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി മുത്തിക്ക് നേർച്ചയായി പൂവൻ കുല നൽകി പോലീസ്. കൊരട്ടി പോലീസ് ആണ് കൊരട്ടി സെന്‍റ് മേരിസ് ഫൊറോന പള്ളി തിരുനാളിനോട് അനുബന്ധിച്ച് കൊരട്ടി മുത്തിക്ക് പൂവൻ കുല നേർച്ച നൽകിയത്. കൊരട്ടി എസ്എച്ചഒ ബി കെ അരുണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇതിന് മുൻകൈ എടുത്തത്. കൊരട്ടി എസ്എച്ച്ഒ ബി കെ അരുണിനെ കൂടാതെ എസ്ഐമാരായ സി എസ് സൂരജ്, ഷാജു എടത്താടൻ, സജീ വർഗ്ഗീസ് എന്നിവരും നേർച്ചക്കുല സമർപ്പണത്തിനുണ്ടായിരുന്നു.
വഴിപാട് കൗണ്ടറുകളിൽ നിന്ന് പൂവൻ കുലകൾ നേർച്ചയ്ക്കായി വാങ്ങാവുന്നതാണ്. ഇത് കൂടാതെ, എസ്എച്ച്ഒ ബി കെ അരുൺ തന്റെ വീട്ടുവളപ്പിൽ നട്ടുവളർത്തിയ പൂവൻ കുലയും കൊരട്ടി മുത്തിക്ക് സമർപ്പിച്ചു. മുൻ വർഷങ്ങളിലും കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സമാന ചടങ്ങ് നടത്തിയിരുന്നു. വികാരി ഫാ. ജോസ് ഇടശേരി കാഴ്ചക്കുല സമർപ്പിക്കാനെത്തിയവരെ സ്വീകരിച്ചു.
പൂവന്‍ കുലയാണ് കൊരട്ടി പള്ളിയിലെ പ്രധാന നേര്‍ച്ച. ഭക്തന്മാര്‍ അവര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ പൂവന്‍ കുലപ്പഴമോ നേന്ത്രപ്പഴക്കുലയോ സമര്‍പ്പിക്കുന്നതാണ് രീതി. കാഴ്ചക്കുലയ്ക്ക് പിന്നിൽ ചില വിശ്വാസങ്ങൾ ഉണ്ട്. ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകാനാണ് ഈ നേര്‍ച്ച. മേലൂരിലെ ഒരു കര്‍ഷകന്‍ പണ്ടൊരിക്കല്‍ പള്ളിയിലെ മുത്തിക്ക് നേര്‍ച്ചയായി കൊണ്ട് വന്ന കുല ജന്മി തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് ജന്മിക്ക് ഉണ്ടായ അസുഖം മാറാന്‍ പൂവൻ കുല മുത്തിക്ക് നേര്‍ച്ച നല്‍കിയെന്നാണ് ഐതീഹ്യം. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ആണ് കൊരട്ടി മുത്തിയുടെ പെരുന്നാള്‍ ആഘോഷിക്കുന്നത്.
Post Your Comments