KeralaLatest NewsNews

മെഡിസെപ്പിന്റെ 100 ദിനങ്ങൾ: തീർപ്പാക്കിയത് 155 കോടിയുടെ 51,488 ക്ലെയിമുകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി 100 ദിനങ്ങൾ പൂർത്തിയായപ്പോൾ റിപ്പോർട്ട് ചെയ്തത് 167 കോടി രൂപയുടെ 58,804 ക്ലെയിമുകൾ. ഇതിൽ 155 കോടി രൂപയുടെ 51,488 ക്ലെയിമുകൾ തീർപ്പാക്കി. സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻ പറ്റിയവരും ആശ്രിതരുമായി 29,66,534 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

Read Also: കോംബോ ഓഫർ: സ്വപ്നയുടെ ആത്മകഥയും ശിവശങ്കറിന്റെ അനുഭവകഥയും ഒന്നിച്ച് വാങ്ങുന്നവർക്ക് വിലക്കിഴിവ്

എംപാനൽ പട്ടികയിലെ ആശുപത്രികൾക്ക് നൽകേണ്ട 155 കോടി രൂപയിൽ 110 കോടിയും നൽകിക്കഴിഞ്ഞു. കാൽമുട്ട് മാറ്റിവെക്കൽ, ഹീമോഡയാലിസിസ്, തിമിര ശസ്ത്രക്രിയ വിഭാഗങ്ങളിലാണ് കൂടുതൽ ക്ലെയിമുകൾ. 448 പേർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയമായ വകയിൽ 891 കോടി രൂപ നൽകി. ജില്ലാടിസ്ഥാനത്തിൽ കോഴിക്കോടാണ് ഏറ്റവും കൂടുതൽ ക്ലെയിമുകൾ റിപ്പോർട്ട് ചെയ്തത്.

മികച്ച ഉപഭോക്തൃ സേവനം നടത്തിയ സർക്കാർ ആശുപത്രികളിൽ തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററും സ്വകാര്യ മേഖലയിൽ തൃശൂർ അമലയും ഒന്നാമതെത്തി. 1.64 കോടിയുടെ 680 ക്ലെയിമുകളാണ് ആർ.സി.സിയുടേത്. 6.54 കോടിയുടെ 2014 ക്ലെയിമുകളാണ് അമലയിൽ നിന്നുള്ളത്.

സർക്കാർ മേഖലയിൽ മികച്ച സേവനങ്ങൾ നൽകിയ ആദ്യത്തെ അഞ്ച് ആശുപത്രികൾ: ആർ.സി.സി തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ്, കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്.

സ്വകാര്യ മേഖലയിൽ മികച്ച സേവനങ്ങൾ നൽകിയ ആദ്യത്തെ അഞ്ച് ആശുപത്രികൾ: അമല ആശുപത്രി തൃശൂർ, എൻ.എസ് സഹകരണ ആശുപത്രി കൊല്ലം, എ.കെ.ജി ആശുപത്രി കണ്ണൂർ, എം.വി.ആർ കാൻസർ കെയർ സെന്റർ കോഴിക്കോട്, ജില്ലാ സഹകരണ ആശുപത്രി കോഴിക്കോട്.

മെഡിസെപ്പിന്റെ 100-ാം ദിവസത്തിൽ മികച്ച പ്രകടനം നടത്തിയ ആശുപത്രികൾക്കുള്ള സർട്ടിഫിക്കറ്റ് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ വിതരണം ചെയ്തു. ഒരു സംസ്ഥാനവും പരീക്ഷിക്കാത്ത വിധമുള്ള ബൃഹദ് പദ്ധതിയായ മെഡിസെപ്പ് 100 ദിനങ്ങൾ പൂർത്തിയായപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ പ്രയോജനം ജനങ്ങൾക്ക് ലഭിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ‘മെഡിസെപ്പിനെക്കുറിച്ച് പഠിക്കാൻ മറ്റ് സംസ്ഥാനങ്ങൾ ഔത്സുക്യം കാണിക്കുകയാണ്. 30 ലക്ഷം പേരെ ഉൾക്കൊള്ളുന്ന അനിതരസാധാരണമായ പദ്ധതിയാണിത്. സംസ്ഥാന സർക്കാർ നൽകുന്ന ഗ്യാരണ്ടിയാണ് പദ്ധതിയുടെ പ്രത്യേകത. കൂട്ടായ മുന്നേറ്റത്തിന്റെ മഹനീയ മാതൃകയാണ് മെഡിസെപ്പെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

എംപാനൽ പട്ടികയിൽ ഉൾപ്പെടാത്ത ആശുപത്രികൾ പദ്ധതിയുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ആശുപത്രികൾക്ക് നൽകേണ്ട 155 കോടി രൂപയിൽ 110 കോടിയും നൽകിക്കഴിഞ്ഞു. ഇക്കാര്യം മനസ്സിലാക്കി കൂടുതൽ ആശുപത്രികൾ പൂർണ തോതിൽ പദ്ധതിയുമായി സഹകരിക്കേണ്ടതുണ്ട്. സേവന മേഖലയിൽ നിന്ന് കേന്ദ്ര സർക്കാർ ഉൾപ്പെടെ സംസ്ഥാനങ്ങൾ പിൻവാങ്ങുന്ന വേളയിലാണ് കേരളം ഇത്തരമൊരു ബൃഹദ് പദ്ധതി നടപ്പാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിസെപ്പ് പദ്ധതി തെറ്റുകുറ്റങ്ങൾ ഒഴിവാക്കി കൂടുതൽ ശക്തിപ്പെടുത്തും.

പദ്ധതിയുമായി സഹകരിക്കുന്ന ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ചീഫ് റീജ്യനൽ മാനേജർ രമാദേവി മന്ത്രിയിൽ നിന്നും ഉപഹാരം സ്വീകരിച്ചു.

ധനകാര്യ വകുപ്പ് റിസോഴ്സ് സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള ചടങ്ങിൽ അധ്യക്ഷനായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ എം .എച്ച് അബ്ദുൽ റഷീദ്, ഡോ. എ ഷിനു, ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Read Also: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നും മദ്യവും നല്‍കി പീഡിപ്പിച്ചു: 14 പേര്‍ക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button