കൊച്ചി: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നൂറയും നസ്റിനും ഒന്നിച്ചു. സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇരുവരും തന്നെയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് മനോഹരമായ ചിത്രങ്ങൾ ഇവർ പങ്കുവെച്ചത്. പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
കൂട്ടുകാരിയായ ഫാത്തിമ നൂറയ്ക്കൊപ്പം ജീവിക്കാൻ അനുമതി തേടി ആദില നസ്റിൻ നേരത്തെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയതിനെ തുടർന്നായിരുന്നു ആദില കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു. അതിന് ശേഷം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇരുവരും പുതിയ ജീവിതത്തിന്റെ സന്തോഷങ്ങള്‍ ചിത്രങ്ങളായും പോസ്റ്റുകളായും പങ്കുവെയ്ക്കാറുണ്ടായിരുന്നു.
ബ്ലാക്ക് ആന്റ് സില്‍വര്‍ കോമ്പിനേഷനിലുള്ള ലെഹംഗയാണ് ആദില ചടങ്ങിന് ധരിച്ചത്. തവിട്ട് നിറത്തിലുള്ള ഡിസൈനര്‍ ലെഹംഗയായിരുന്നു ഫാത്തിമയുടെ വേഷം. മനോഹരമായ ചിത്രങ്ങളാണെന്നും എന്നു ഇതുപോലെ സ്‌നേഹത്തില്‍ കഴിയാനാകാട്ടെ എന്നും ആളുകള്‍ പ്രതികരിച്ചു. പ്ലസ് വണ്ണിൽ തുടങ്ങിയ പരിചയം പ്രണയമായി മാറുകയായിരുന്നു. സമൂഹം എന്ത് പറയുന്നുവെന്നത് തങ്ങൾ കാര്യമാക്കുന്നില്ലെന്ന് ഇവർ നേരത്തെ പറഞ്ഞിരുന്നു.
Post Your Comments