Latest NewsCricketNewsSports

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം: ടോസ് വൈകുന്നു

ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് വൈകുന്നു. നനഞ്ഞ ഔട്ട് ഫീല്‍ഡാണ് മത്സരം വൈകിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്.

നിലവിലെ ഫോമില്‍ ശിഖര്‍ ധവാനും സംഘവും ജയിക്കുമെന്നും പരമ്പര സ്വന്തമാക്കാനാകും എന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ലഖ്‌നൗവില്‍ കൈവിട്ട വിജയം റാഞ്ചിയില്‍ നേടിയാണ് ഇന്ത്യ പരമ്പരയില്‍ തിരിച്ചെത്തിയത്. ഓപ്പണര്‍മാരുടെ മോശം ഫോം മാത്രമാണ് ഇന്ത്യയുടെ ആശങ്ക. ശിഖര്‍ധവാനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ശ്രേയസും ഇഷാന്‍ കിഷനും സഞ്ജു സാംസണും മിന്നും ഫോം തുടർന്നാൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ വിയർക്കും.

ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനാകാന്‍ മത്സരിക്കുന്ന മുഹമ്മദ് സിറാജിനൊപ്പം ഷാര്‍ദൂല്‍ താക്കൂറിന്റെ ഓള്‍റൗണ്ട് മികവും ടീമിന് പ്രതീക്ഷ നൽകുന്നു. ലോകകപ്പിന് മുമ്പ് ബാവുമയ്ക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ അവസാന അവസരമാണ് ദില്ലിയിലെ മത്സരം. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര വിജയം അനിവാര്യമായതിനാല്‍ ബാവുമ പുറത്തിരിക്കാനും സാധ്യത. അവസാന നാല് ഇന്നിങ്‌സില്‍ ബാവുമ നേടിയത് വെറും 11 റണ്‍സാണ്.

ലോകകപ്പിന് ശേഷം വിരമിക്കുന്ന ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറിന്റെ അവസാന പരമ്പരയുമാണ് ഇന്ത്യയിലേത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ മണ്ണില്‍ നീലപ്പട ഏകദിന പരമ്പര കൈവിട്ടത് രണ്ട് തവണ മാത്രം. 2015ല്‍ ദക്ഷിണാഫ്രിക്കയും 2019ല്‍ ഓസ്‌ട്രേലിയയും ജയിച്ചു. ദില്ലിയില്‍ മഴ ഭീഷണി പൂര്‍ണമായി ഒഴിയാത്തതും ആശങ്കയാണ്.

Read Also:- തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍, സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയി, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button