
തൃശ്ശൂര്‍: ഗുരുവായൂർ റെയിൽവേ മേൽപാലത്തെ ബന്ധിപ്പിരുന്ന ഗർഡറുകൾക്ക് മുകളിലുള്ള സ്ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 10 നകം പൂർത്തീകരിക്കും. ഗുരുവായൂർ റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് എൻ.കെ അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഗുരുവായൂരിൽ ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് സ്ലാബ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സർവീസ് റോഡുകൾ തുറന്നു നൽകണമെന്ന് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സർവീസ് റോഡിൻെറ ഒരുവശം ഒക്ടോബർ 20നകം പൂർത്തീകരിക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
റെയിൽവേ പാളത്തിനു സമീപമുള്ള പൈലിങ്ങ് പ്രവർത്തനങ്ങൾക്കുള്ള മെറ്റീരിയൽസ് മറ്റ് സൈറ്റുകളിൽ ഉടൻ മേൽപ്പാലനിർമ്മാണ സ്ഥലത്ത് എത്തിക്കുമെന്നും എത്രയും പെട്ടെന്ന് പൈലിങ്ങ് പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എസ്.പി.എൽ ഇൻഫ്രാസ്ട്രാക്ടർ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
റെയിൽവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ അനാസ്ഥ ചൂണ്ടികാട്ടി
ആർ.ബി.ഡി.സി.കെയുടെ എം ഡി ക്ക് (റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ) വിശദമായ കത്ത് നൽകാനും യോഗം തീരുമാനിച്ചു. റെയിൽവേ പാലത്തിന് സമീപമുള്ള പൈലിങ്ങ് പ്രവർത്തികൾ സെപ്റ്റംബർ 12ന് ആരംഭിക്കാതതിൽ എം.എൽ.എ പ്രതിഷേധം രേഖപ്പെടുത്തി. കലണ്ടർ പ്രകാരം സമയബന്ധിതമായി പണികൾ പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി.
തിരുവെങ്കിടം അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദേവസ്വം വക ഭൂമി വിട്ടു കിട്ടുന്നതിന് ദേവസ്വത്തിന് കത്ത് നൽകുവാനും സ്വകാര്യ വ്യക്തിയുടെ ഭൂമി നെഗോഷ്യബിൾ പർച്ചേഴ്സ് ആക്ട് പ്രകാരം വാങ്ങിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, നഗരസഭ സെക്രട്ടറി ബീന എസ് കുമാർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ വി.വി വിജോയ്, ആർ.ബി.ഡി.സി കെ.(പി.ഇ) ഇ.എ ആഷിദ്, ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒ പ്രേമാനന്ദന്‍, എസ്.ഐ കെ ഗിരി, എസ്.പി എൽ ഇൻഫ്രാസ്ട്രക്ചർ മാനേജർ പി അനൂപ്, ഡെപ്യൂട്ടി മാനേജർ സുരേഷ് ജയരാമൻ, സതേൺ റെയിൽവേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി അബ്ദുൽ അസീസ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ബീന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments