ഇടുക്കി: അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നെടുംകണ്ടം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ അവതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.റ്റി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്തുതലത്തില്‍ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇതിനുശേഷം ഓരോ കുടുംബത്തിനും മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിനായി ജനപ്രതിനിധികള്‍ക്കും സി. ഡി. എസ്. അംഗങ്ങള്‍ക്കും പഞ്ചായത്ത്, വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്കുമായി കിലയുടെ നേതൃത്വത്തില്‍ പരിശീലനവും നല്‍കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലും സര്‍വേ നടത്തി ഓരോ കുടുംബത്തിനും പ്രത്യേകം തയ്യാറാക്കിയ മൈക്രോ പ്ലാനുകള്‍ യോഗത്തില്‍ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ചുറ്റുപാട്, വരുമാനം തുടങ്ങി വിവിധ മേഖലകളില്‍ അന്വേഷണം നടത്തി ഓരോ കുടുംബത്തിനും വിശദമായ മൈക്രോപ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ദിലീപ് പ്ലാന്‍ അവതരിപ്പിച്ചു. ഏഴ് പഞ്ചായത്തുകളില്‍ നിന്നുമായി 192 കുടുംബങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തിര, ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളുടെ നടത്തിപ്പിനായി മൈക്രോപ്ലാനില്‍ ഉള്‍പ്പെട്ട 192 കുടുംബങ്ങള്‍ക്ക് ഒന്‍പത് കോടിയോളം രൂപ അടങ്കല്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് തല ക്രോഡീകൃത പദ്ധതി നടപ്പിലാക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments