KeralaLatest NewsIndia

സുകുമാരക്കുറുപ്പിന്‍റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം: കത്ത് നൽകി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: നാല്പത് വർഷങ്ങളായി അവകാശികളില്ലാതെ കിടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന് വേണ്ടി ബംഗ്ലാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. ഈ ബംഗ്ലാവിന്‍റെ നിര്‍മാണത്തിന് പണം കണ്ടെത്താനാണ് ഫിലിം റെപ്രസന‍്റേറ്റീവ് ചാക്കോയെ സുകുമാരക്കുറുപ്പും സംഘവും ചേർന്ന് കാറിലിട്ട് ചുട്ടെരിച്ച് കൊന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എതിര്‍വശം 150 മീറ്റര്‍ ദൂരം പോയാല്‍ പ്രേതാലയം പോലെ കിടക്കുന്ന കെട്ടിടമാണിത്. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ് ഈ കെട്ടിടം. സുകുമാരക്കുറുപ്പിനെ പോലെ അന്നും ഇന്നും ഏറെ ദുരൂഹതകള്‍ മൂടിപ്പുതച്ച് നിൽക്കുകയാണ് ഈ ഇരുനില ബംഗ്ലാവ്. ഈ കെട്ടിടത്തിന്‍റ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം തേടിയുള്ള മാവേലിക്കര കുന്നത്ത് കുറുപ്പിന്‍റെ ഓട്ടം അവസാനിച്ചത് ചാക്കോ എന്ന യുവാവിന്‍രെ ദാരുണ കൊലപാതകത്തിലായിരുന്നു.

താന്‍ മരിച്ചുവെന്ന് കാട്ടി ,വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാര കുറുപ്പ് കണ്ടെത്തിയ സ്വന്തം രൂപസാദൃശ്യമുള്ളയാളായിരുന്നു ചാക്കോ. സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് മുങ്ങി. 40 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇയാൾ ജീവിപ്പിച്ചിരുപ്പുണ്ടോ എന്നു പോലും പൊലീസിന് അറിയില്ല.

സുകുമാരക്കുറുപ്പ് പോയ അന്ന് മുതല്‍ ഈ കെട്ടിടവും അനാഥമായി. അവകാശമുന്നയിച്ച് കുറുപ്പിന്‍റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ കേസ് വിജയിച്ചില്ല. ഇതോടെയാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രംഗത്തെത്തുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ വില്ലേജ് ഓഫീസിനായി സര്‍ക്കാര്‍ ഈ കെട്ടിടം ഏറ്റെടുത്ത് കൈമാറണം എന്നാണ് ആവശ്യം. ഇതിനായി നവകേരള സദസ്സിൽ വെച്ച് അപേക്ഷ നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button