സോഷ്യൽ മീഡിയയിലെ താരമാണ് ഇച്ചാപ്പി എന്ന പേരിൽ അറിയപ്പെടുന്ന ശ്രീലക്ഷ്മി. ഷീറ്റുകൾ കൊണ്ട് വളച്ചുകെട്ടി ഉണ്ടാക്കിയ കൊച്ചു വീട്ടിൽ ആണ് ഇച്ചാപ്പി കഴിയുന്നത്. തന്റെ വീടിന്റെ അവസ്ഥ മറച്ച് വെയ്ക്കാതെ തന്നെയാണ് ഇച്ചാപ്പി റീൽസുകൾ ചെയ്യുന്നത്. കറണ്ട് കളക്ഷനോ ഗ്യാസോ ഒന്നുമില്ലാതെയാണ് ഇച്ചാപ്പിയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞദിവസം ഫ്ലവേഴ്സ് ഒരുകോടി എന്ന ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തന്റെ ജീവിതത്തെ കുറിച്ച് ഇച്ചാപ്പി തുറന്നു പറഞ്ഞത്.
‘അഞ്ചുവയസ്സുവരെ രാജകുമാരിയെ പോലെയാണ് ഞാൻ ജീവിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഗുജറാത്തിൽ ആയിരുന്നു. അച്ഛനു അവിടെ സ്വന്തമായി വർക്ക്ഷോപ്പ് എല്ലാം ഉണ്ടായിരുന്നു. അവിടെ ഒരുപാട് ജോലിക്കാരുമുണ്ടായിരുന്നു. എനിക്ക് അഞ്ച് വയസ്സ് ആയപ്പോൾ സ്കൂളിൽ ചേർക്കാൻ അമ്മയ്ക്ക് ഒരു ആഗ്രഹം. അമ്മ പഠിച്ച സ്കൂളിൽ എന്നെയും പഠിപ്പിക്കണം എന്ന്. അങ്ങനെ അവിടെയുള്ളത് എല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക് വരാൻ തീരുമാനിച്ചു.
സ്കൂളിൽ ചേരാൻ സമയമായതിനാൽ അച്ഛൻ ആദ്യം എന്നെയും അമ്മയും ട്രെയിനിൽ കയറ്റി വിട്ടു. അതിനുശേഷം വർക്ക്ഷോപ്പിലെ കാര്യങ്ങളൊക്കെ സെറ്റ് ചെയ്തു അതുവരെ സമ്പാദിച്ചതെല്ലാം എടുത്ത് അച്ഛൻ നാട്ടിലേക്ക് മടങ്ങി. ട്രെയിനിൽ വെച്ച് ആരോ അച്ഛനെ മയക്കി കിടത്തി പണവും സമ്പാദ്യവുമെല്ലാം മോഷ്ടിച്ചു. അതോടെ അച്ഛൻറെ സമനില തെറ്റി. ലക്ഷങ്ങളോളം ആ ബാഗിൽ ഉണ്ടായിരുന്നു എന്നാണ് അച്ഛൻ പറഞ്ഞത്. അതിനുശേഷം ബന്ധുവീട്ടിൽ ആണ് ഞങ്ങൾ പോയത്. പക്ഷേ മനോവിഷമത്തിൽ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. അതവർക്ക് ബുദ്ധിമുട്ടായി. ആ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു.
അങ്ങനെയാണ് ചെറിയ ഒരു സ്ഥലത്ത് ഷെഡ്ഡ് കെട്ടി താമസം തുടങ്ങിയത്. ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ വെള്ളവും കറണ്ടും ഒന്നുമില്ലാതെയാണ് ജീവിച്ചത്. എങ്കിലും ഒരിക്കലും അച്ഛനും അമ്മയും എന്നെ പട്ടിണിക്കിട്ടില്ല. അവർ രണ്ടുപേരും ജോലിയ്ക്ക് പോയി. അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് ഒരു അഞ്ച് സെൻറ് സ്ഥലം വാങ്ങി. അച്ഛനും അമ്മയും ജോലി ചെയ്ത് പൈസ ഉണ്ടാക്കി ആ സ്ഥലത്ത് ഒരു ചെറിയ വീട് വെച്ചു. അതിന്റെ വർക്ക് ഒക്കെ കഴിഞ്ഞ സമയത്ത് അമ്മയ്ക്ക് വയ്യാതെ ആയി. പിന്നീട് യൂട്യൂബ് വരുമാനം എല്ലാം വന്നതോടെ ഞങ്ങൾ വീടിന്റെ പണി പൂർത്തിയാക്കി.
പണ്ട് ഞങ്ങൾ ഗുജറാത്തിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഗൾഫിലുള്ളവർ വരുന്നത് പോലെ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഒന്നും ഇല്ലാതെ ആയപ്പോൾ ബന്ധുക്കൾക്ക് എല്ലാം ഞങ്ങൾ വലിയ ബാധ്യത ആയി. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാം പാട് അവഗണനകളും പരിഹാസങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്. മുൻപ് സ്ഥിരമായി വീഡിയോ ചെയ്യുന്ന സമയത്ത് ഒരു ലക്ഷം രൂപ വരെ എല്ലാ മാസവും വരുമാനം കിട്ടുമായിരുന്നു. പരീക്ഷയൊക്കെയായി വീഡിയോ കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു’, ശ്രീലക്ഷ്മി പറയുന്നു.
Post Your Comments