ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭവും പ്രകടനങ്ങളും ശ്കതമായിക്കൊണ്ടിരിക്കെ ഹിജാബ് ധരിക്കാതെ ഭക്ഷണശാലയിൽ ഭക്ഷണം കഴിച്ചെന്നാരോപിച്ച് യുവതിയെ ഇറാൻ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്. അറസ്റ്റിലായ ദന്യ റാഡ് എന്ന യുവതിയെ ‘ഒരു പാഠം പഠിപ്പിക്കാൻ’ അയച്ചത് ക്രൂരതകൾക്ക് പേരുകേട്ട എവിൻ ജയിലിലേക്കാണ്.
തന്റെ സുഹൃത്തിനൊപ്പം അത്താഴം കഴിക്കാൻ ടെഹ്‌റാനിലെ ഒരു റസ്റ്റോറന്റിൽ പോയതായിരുന്നു ദന്യ. യുവതി ഹിജാബ് ധരിച്ചിരുന്നില്ല. ഇതിനിടെ ആരോ അവളുടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ വൈറലാക്കി. ഏതാനും മണിക്കൂറുകൾക്ക് ശേഷം പോലീസ് യുവതിയെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇറാന്‍റെ ഇന്‍റലിജന്‍സ് മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള എവിന്‍ ജയില്‍ രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുള്ളവരെ തടവിലാക്കുന്ന ഇടമാണ്. സമീപകാലത്ത് നിരവധി ആളുകളെയാണ് ഇറാനില്‍ ഇത്തരത്തില്‍ അനധികൃതമായി തടവിലാക്കിയിട്ടുള്ളത്.
എഴുത്തുകാരിയായ മോന ബോര്‍സുവേയ്, ഇറാന്‍ ഫുട്ബോള്‍ താരം ഹൊസെയ്ന മാഹിനി, മുന്‍ ഇറാന്‍ പ്രസിന്‍റ് അലി അക്ബര്‍ ഹഷ്ഹെമി റാഫ്സാന്‍ജനിയുടെ മകള്‍ ഫെയ്സെയ് റാഫ്സാന്‍ജനി എന്നിവരെ സമീപകാലത്ത് ഇവിടെ തടവിലാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും അപകടകരമായ ജയിലുകളിലൊന്നാണ് എവിൻ ജയിൽ. എവിൻ ജയിൽ അതിന്റെ ക്രൂരതയ്ക്ക് പേരുകേട്ടതാണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ തടവുകാരെയാണ് ഇറാൻ സർക്കാർ തടവിലാക്കിയിരിക്കുന്നത്.
ശരിയായ രീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ട് 22കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം ആരംഭിച്ചത്. സെപ്തംബർ 16നാണ് മഹ്സ അമീനി കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തിന്‍റെ ഭാഗമായി സ്ത്രീകൾ പൊതു നിരത്തിൽ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ 80 തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Post Your Comments