കാബൂൾ: വെള്ളിയാഴ്ച അഫ്ഗാൻ തലസ്ഥാനത്തെ പഠനകേന്ദ്രത്തിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്ന് ആക്രമണത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥി. ചാവേർ ബോംബ് ആക്രമണത്തിൽ ഇതുവരെ 23 പേർ കൊല്ലപ്പെട്ടതായാണ് വിവരം. യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്ക് നേരെയായിരുന്നു ചാവേർ ആക്രമണം.
‘ഞങ്ങൾ ക്ലാസ് മുറിയിൽ ഏകദേശം 600 (വിദ്യാർത്ഥികൾ) ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്’, വിദ്യാർത്ഥി പറഞ്ഞു. താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് ആക്രമണത്തെ അപലപിച്ചു. സുരക്ഷാ ടീമുകൾ സ്ഥലത്തുണ്ട്. ജനങ്ങളെ ആക്രമിക്കുന്നത് ശത്രുവിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയെയും ധാർമ്മിക നിലവാരമില്ലായ്മയെയും ആണ് തെളിയിക്കുന്നതെന്ന് അബ്ദുൾ നാഫി ടാക്കൂർ പറഞ്ഞു.
പ്രദേശത്ത് താമസിക്കുന്നവരിൽ പലരും ഹസാര ന്യൂനപക്ഷത്തിൽ നിന്നുള്ളവരാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ ഹസാരകൾ താലിബാനിൽ നിന്നും അതിന്റെ എതിരാളിയായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ (ഐഎസ്) നിന്നും ദീർഘകാലമായി പീഡനം നേരിടുന്നുവെന്നും, പിന്നിൽ ഇവർ ആണെന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിൽ തിരിച്ചെത്തുന്നതിന് മുമ്പ് ദാഷ്-ഇ-ബാർച്ചിയിലെ ഒരു ഗേൾസ് സ്‌കൂളിൽ നടന്ന ബോംബാക്രമണത്തിൽ കുറഞ്ഞത് 85 പേർ കൊല്ലപ്പെടുകയും, നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
താലിബാൻ വിസ്മയം തീർത്തു കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനിൽ ഷിയാ വിഭാഗങ്ങൾക്ക് നേരെ അതിക്രൂരമായ വംശീയ ആക്രമങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് കൊല്ലപ്പെട്ട കുട്ടികൾ ഒക്കെ ‘ഹസാരെ’ വംശജരായ ഷിയാ മുസ്ലിങ്ങൾ ആണ്. ഓസ്ട്രേലിയയിലും കാനഡയിലും ഒക്കെ സുരക്ഷിതരായി ഇക്കൂട്ടരിൽ ചിലർ കഴിയുന്നുണ്ട്. പക്ഷെ ജനിച്ചു വളർന്ന സ്വന്തം നാട്ടിൽ അന്യവൽക്കരിക്കപ്പെടുന്ന ചെറുത്തുനിൽക്കാൻ ശേഷിയില്ലാത്ത ഒരു ജനതയാണ് ഇവർ.
Post Your Comments