ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യില്‍ നിന്ന് ആര്‍എസ്എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തില്‍ നിന്നുള്ള അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ശനിയാഴ്ച ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചു.
പിഎഫ്ഐ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് ശേഷം കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു.
എന്‍ഐഎയുടെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും (ഐബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ആര്‍എസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെ വിന്യസിക്കും.
എന്‍ഐഎ നടത്തിയ റെയ്ഡില്‍ കേരളത്തിലെ പിഎഫ്‌ഐ അംഗം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളുള്ള പട്ടിക കണ്ടെത്തിയിരുന്നു.
സുരക്ഷാ ഭീഷണിയും തീവ്രവാദ ബന്ധങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അതിന്റെ സഹ സംഘടനകളേയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച് കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം മൊത്തം ഒമ്പത് സംഘടനകളെ ‘നിയമവിരുദ്ധം’ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments