Latest NewsCricketNewsSports

മെല്‍ബണ്‍ എന്‍റെ ഹോം ഗ്രൗണ്ടാണ്, ഇന്ത്യക്കെതിരെ എങ്ങനെ പന്തെറിയണമെന്ന് എനിക്കറിയാം: ഹാരിസ് റൗഫ്

കറാച്ചി: ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പേസര്‍ ഹാരിസ് റൗഫ്. മെല്‍ബണ്‍ സ്റ്റാര്‍സിന് കളിക്കുന്നതിനാല്‍ മെല്‍ബണ്‍ തന്‍റെ ഹോം ഗ്രൗണ്ടാണെന്നും മെല്‍ബണിലെ സാഹചര്യങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും റൗഫ് പറഞ്ഞു. ഓസ്ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ താരമാണ് റൗഫ്.

‘മെല്‍ബണ്‍ സ്റ്റാര്‍സിന് കളിക്കുന്നതിനാല്‍ മെല്‍ബണ്‍ എന്‍റെ ഹോം ഗ്രൗണ്ടാണ്. മെല്‍ബണിലെ സാഹചര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരെ എങ്ങനെ പന്തെറിയണമെന്നതിനെക്കുറിച്ച് ഞാനിപ്പോഴെ പ്ലാനിംഗ് തുടങ്ങിക്കഴിഞ്ഞു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മെല്‍ബണില്‍ എന്നെ നേരിടുക ഇന്ത്യക്ക് എളുപ്പമാവില്ല’.

‘ഇന്ത്യയെ മെല്‍ബണില്‍ നേരിടാന്‍ കഴിയുന്നതില്‍ സന്തോഷമേയുള്ളൂ. മെല്‍ബണിലെ പരിചയസമ്പത്ത് എനിക്ക് ഗുണം ചെയ്യും. ഇന്ത്യ-പാക് പോരാട്ടങ്ങള്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദം നിറഞ്ഞതാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ നേരിട്ടപ്പോള്‍ അതിന്‍റെ സമ്മര്‍ദ്ദം ഞാന്‍ അനുഭവിച്ചു. എന്നാല്‍, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയെ നേരിട്ടപ്പോള്‍ വലിയ സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നില്ല’ ഹാരിസ് റൗഫ് പറഞ്ഞു.

Read Also:- ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!

ടി20 ലോകകപ്പില്‍ അടുത്ത മാസം 23നാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും നേടാനാവാഞ്ഞ റൗഫ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രോഹിത് ശര്‍മയുടെ വിക്കറ്റെടുത്തിരുന്നു. ഏഷ്യാ കപ്പില്‍ ആറ് കളികളില്‍ എട്ടു വിക്കറ്റെടുത്ത റൗഫ് ഇംഗ്ലണ്ടിനെതിരെ നടന്നുക്കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ അഞ്ച് കളികളില്‍ 10 വിക്കറ്റുമായി മികച്ച ഫോമിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button