Latest NewsKeralaNews

ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളിൽ ഒക്ടോബർ രണ്ടു മുതൽ വിപുലമായ പ്രചാരണം: ആർ ബിന്ദു

തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കര പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ കലാലയങ്ങളും അണിനിരക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ രണ്ടിന് രാവിലെ പത്തുമണിക്ക് തിരുവനന്തപുരത്ത് നിർവ്വഹിക്കും. ഉദ്ഘാടനം എല്ലാ ക്യാമ്പസുകളിലും തത്സമയ സംപ്രേഷണം ചെയ്യും.

Read Also: സ്വിഫ്റ്റ് കീയ്ക്കുള്ള പിന്തുണ ഐഒഎസ് ഡിവൈസുകളിൽ നിർത്തുന്നു, പുതിയ നീക്കവുമായി മൈക്രോസോഫ്റ്റ്

സംസ്ഥാനതല ഉദ്ഘാടന ശേഷം ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തുന്നതിനുള്ള വിമുക്തി സന്ദേശം മന്ത്രി ഡോ. ആർ. ബിന്ദു തൃശൂർ ശ്രീകേരളവർമ്മ കോളേജ് ക്യാമ്പസിൽ നിർവ്വഹിക്കും. തൊട്ടടുത്ത പ്രവൃത്തിദിനത്തിൽ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓരോ ക്ലാസ് റൂമിലും മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഉൾപ്പെടുത്തി ചർച്ചയും സംവാദവും സംഘടിപ്പിക്കും. എല്ലാ കലാലയങ്ങളിലും ഒക്ടോബർ രണ്ടിനകം രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ള ജാഗ്രതാ സമിതികളുടെ ആഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ നടക്കുക.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മയക്കുമരുന്ന് ഉപഭോഗം തടയാൻ നിരവധി പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലഹരിക്കെതിരായ വീഡിയോചിത്ര നിർമ്മാണ മത്സരമുൾപ്പെട്ട ‘ലഹരിക്കെതിരെ യുവത ക്യാമറയെടുക്കുന്നു’ പദ്ധതി, സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ‘മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്’ പദ്ധതി, മികച്ച പ്രചാരണത്തിന് പുരസ്‌ക്കാരം എന്നിവയാണ് പുതിയ പദ്ധതികൾ.

തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോ ചിത്രങ്ങൾ ക്യാമ്പസ് തലം തൊട്ട് സംസ്ഥാനതലം വരെ പ്രദർശിപ്പിക്കും. മികച്ച വീഡിയോക്ക് പുരസ്‌കാരം നൽകും. കലാപ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തമുണ്ടാക്കി ലഹരിവിപത്തടക്കമുള്ള ദുഷ്പ്രവണതകൾക്ക് സാംസ്‌കാരിക പ്രതിരോധമുയർത്തുന്നതാണ് ‘മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്’ പദ്ധതി.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന ബോധവത്ക്കരണ പ്രചാരണ പരിപാടികൾക്ക് സംസ്ഥാനതലത്തിൽ പുരസ്‌ക്കാരം നൽകുമെന്ന് അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലും കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലും മികച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്ന കലാലയത്തിനും സർവ്വകലാശാലകൾക്കുമാണ് പുരസ്‌ക്കാരം, മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, കലാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ, ലഹരിവിരുദ്ധ ക്യാംപയിൻ,വിമുക്തി ക്ലബ്ബുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യൽ മീഡിയ പ്രചാരണം, ലഹരി വിരുദ്ധ കവിത – കഥ രചനാ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

മയക്കുമരുന്നു വിരുദ്ധ പരിപാടിക്കായി എക്സൈസ് വകുപ്പുമായി ചേർന്ന് ഹോസ്റ്റലുകളിൽ വാർഡൻ കൺവീനറായിയുള്ള ശ്രദ്ധ കമ്മിറ്റിയും കോളേജുകളിൽ വൈസ് പ്രിൻസിപ്പൾ കൺവീനറായുള്ള നേർക്കൂട്ടം കമ്മിറ്റിയും എല്ലാ ഹോസ്റ്റലുകളിലും കോളേജുകളിലും ഉറപ്പുവരുത്തും. എല്ലാ ക്യാമ്പസുകളിലും വിമുക്തി ക്ലബ്ബുകൾ സ്ഥാപിക്കും.

എൻ.എസ്.എസ്‌ന്റെയും എൻ.സി.സിയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധസേന രൂപീകരിക്കും. ഒരു സ്ഥിരം സംവിധാനമായി ഈ സേനയെ നിലനിർത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

നവംബർ ഒന്നിന് കലാലയം മുതൽ തൊട്ടടുത്തുള്ള പ്രധാന ജംഗ്ഷൻ വരെ ജനശ്രദ്ധയാകർഷിച്ച് തീർക്കുന്ന മനുഷ്യ ചങ്ങലയിൽ വിദ്യാർഥികളും അധ്യാപകരും അണിനിരക്കും. തുടർന്ന് ലഹരിഭൂതത്തെ പ്രതീകാത്മകമായി കത്തിച്ച് ക്യാമ്പയിന് സമാപനം കുറിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഒമാനിൽ നിയമനം: നഴ്സുമാർ, കാർഡിയാക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ അവസരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button