എറണാകുളം: ആലുവ മാർത്താണ്ഡവർമ പാലത്തിന് മുകളിൽ നിന്ന് പെരിയാറിൽ ചാടിയ അച്ഛന്റെയും ആറ് വയസുകാരിയായ മകളുടേയും മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ചന്ദ്രൻ – ശാന്ത ദമ്പതികളുടെ മകൻ എം.സി ലൈജു (36)വിന്റെയും, ലൈജു – സവിത ദമ്പതികളുടെ ഇളയ മകൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആര്യ നന്ദയുടെ മൃതദേഹവുമാണ് കണ്ടെത്തിയത്. ലൈജുവിന്റെ മൃതദേഹമായിരുന്നു പുഴയിൽ നിന്നും ആദ്യം കണ്ടെടുത്തത്.
വീടിനടുത്തുള്ള പുതുവാശ്ശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. സവിത അഞ്ച് വർഷത്തോളമായി ദുബായിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്തുവരികയാണ്. വ്യാഴാഴ്ച രാവിലെ അത്താണി അസീസി സ്കൂളിൽ പഠിക്കുന്ന ആര്യയെ ലൈജു സ്കൂട്ടറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. സാധാരണ സ്കൂൾ ബസിലാണ് ആര്യയെ അയക്കാറുള്ളത്. വ്യാഴാഴ്ച രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞാണ് ലൈജു മകളെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
മണിക്കൂറുകൾക്കു ശേഷമാണ് കുഞ്ഞിനൊപ്പം ലൈജു പെരിയാറിൽ ചാടിയ വാർത്ത പുറത്തുവന്നത്. മകന്‍റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത മാസം നാട്ടിൽ വരുമെന്നായിരുന്നു സവിത അറിയിച്ചിരുന്നതെങ്കിലും രോഗ ബാധിതയായ അമ്മ അവശനിലയിലായതിനാൽ വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. അതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മൂത്ത മകൻ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
ലൈജുവിന്റേത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബമാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
Post Your Comments