ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. പുതിയ തരംഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പുതിയ തരംഗങ്ങളെ നേരിടാന്‍ സജ്ജമാകുമെന്നും ഇഎംഎ അംഗമായ മാര്‍കോ കാവല്‍റി പറഞ്ഞു. എന്നാല്‍ പുതിയ വകഭേദങ്ങളും തരംഗവും പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗത്തില്‍ കൊവിഡ് വകഭേദങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുന്നത് തുടരുന്നുണ്ടെന്നും ഇഎംഎ വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം യൂറോപ്പില്‍ ഒമിക്രോണ്‍ BA.5 വകഭേദം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മറ്റേതു വകഭേദത്തേക്കാള്‍ ഒമിക്രോണ്‍ BA2.75 അതിവേഗത്തില്‍ വ്യാപിക്കുന്നത് ഇഎംഎ ചൂണ്ടിക്കാട്ടി. കൊവിഡിനൊപ്പം ജീവിക്കുന്നു എന്നു കരുതി മഹാമാരി അവസാനിച്ചുവെന്ന് നടിക്കുകയല്ല എന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോ ഗബ്രേഷ്യസ് പറഞ്ഞിരുന്നു. കൊവിഡിനൊപ്പം ജീവിക്കുക എന്നാല്‍ രോഗം വരാതിരിക്കാനുള്ള ലളിതമായ മുന്‍കരുതലെടുക്കുന്നതും രോഗം ബാധിച്ചാല്‍ അപകടാവസ്ഥയിലേക്കോ മരണത്തിലേക്കോ പോകുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ വ്യാപിക്കുന്ന ഈ വകഭേദത്തെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കേണ്ട സാഹചര്യമുണ്ടെന്നും ഇഎംഎ വ്യക്തമാക്കി. കൊവിഡ് അവസാനിക്കാറായിട്ടില്ലെന്നും തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് ആശുപത്രി പ്രവേശവും മരണങ്ങളും കൂടുമെന്നാണ് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. തണുത്ത കാലാവസ്ഥ കൂടി വരുന്നതോടെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു ലോകാരോഗ്യസംഘടന.
Post Your Comments