തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായി ഇ.പി ജയരാജന്‍ കോടതിയില്‍ ഹാജരായി. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മറ്റ് അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. കേസില്‍ വിചാരണ നേരിടുമെന്നും കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സാധിക്കുമെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു.
നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫിന്റെ രാഷ്ട്രീയ സൃഷ്ടിയാണെന്നും പ്രതിപക്ഷം ഒരു കാര്യം ഉന്നയിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നിയമസഭയെ അവഹേളിക്കുകയായിരുന്നെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. നിയമസഭയുടെ നടപടിക്രമങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ഭരണകക്ഷിയുടെ നീക്കമാണ് അന്ന് സഭയില്‍ കണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ പതിനാലിനാണ് മന്ത്രി വി ശിവന്‍കുട്ടി, കെ.ടി ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായത്. എന്നാല്‍ അന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇ.പി ജയരാജന്‍ ഹാജരായിരുന്നില്ല. കേസ് അടുത്ത മാസം 26ന് കോടതി വീണ്ടും പരിഗണിക്കും.
Post Your Comments