കാന്‍റര്‍ബെറി: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 88 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 334 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.2 ഓവറില്‍ 245 റണ്‍സില്‍ പുറത്തായി. 65 റണ്‍സെടുത്ത ഡാനിയേല വ്യാറ്റ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറർ.
ഇന്ത്യക്കായി രേണുക സിംഗ് നാലും ദയാലന്‍ ഹേമലത രണ്ടും ഷെഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും ഓരോ വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ 47 റണ്‍സിന് ഇംഗ്ലണ്ടിന്‍റെ മുൻനിര ബാറ്റ്സ്മാൻമാരെ മടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ തുടങ്ങിയത്. ടാമി ബ്യൂമോണ്ട് ആറില്‍ നില്‍ക്കേ ഹര്‍മന്‍പ്രീത് കൗറിന്റെ ത്രോയില്‍ റണ്ണൗട്ടായപ്പോള്‍ എമ്മാ ലാംബിനെയും(15), സോഫിയ ഡംക്ലിയേയും(1) രേണുക സിംഗ് മടക്കുകയായിരുന്നു.
പിന്നാലെ അലീസ് കാപ്‌സിയും(39), ക്യാപ്റ്റന്‍ ഏമി ജോണ്‍സും(39), ഷാര്‍ലറ്റ് ഡീനും(37) പോരാടിയെങ്കിലും ഇംഗ്ലണ്ടിന് ജയിക്കാനായില്ല. 58 പന്തില്‍ 65 റണ്‍സെടുത്ത ഡാനിയേല വ്യാറ്റ് ടോപ്പറായപ്പോള്‍ സോഫീ എക്കിള്‍സ്റ്റണ്‍ ഒന്നിനും കേറ്റ് ക്രോസ് 14നും ലോറന്‍ ബെല്‍ 11നും പുറത്തായി. വ്യാറ്റ്, എക്കിള്‍സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകളും രേണുകയ്‌ക്കായിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 333 റണ്‍സെടുത്തു. 111 പന്തില്‍ 18 ഫോറും നാല് സിക്‌സറും സഹിതം 143 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 64 പന്തില്‍ ഫിഫ്റ്റി കണ്ടെത്തിയ താരം 100 പന്തില്‍ നൂറിലെത്തി. സെഞ്ചുറിക്ക് ശേഷമുള്ള 11 പന്തില്‍ 43 റണ്‍സ് ഹര്‍മന്‍ അടിച്ചുകൂട്ടി. സ്കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് വീണ ഇന്ത്യ പിന്നാലെ അതിശക്തമായി തിരിച്ചടിക്കുകയായിരുന്നു.
Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ!
ക്യാപ്റ്റനൊപ്പം 113 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത ഹര്‍ലീന്‍ ഡിയോള്‍ അര്‍ധ സെഞ്ചുറി(58) നേടി. 143 റണ്‍സെടുത്ത ഹര്‍മന്‍പ്രീതിനൊപ്പം ദീപ്‌തി 9 പന്തില്‍ 15 റൺസെടുത്ത് എടുത്ത് പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറില്‍ ഇന്ത്യ 62 റണ്‍സ് അടിച്ചുകൂട്ടി. ഷെഫാലി വര്‍മ്മ(8), സ്‌മൃതി മന്ഥാന(40), യാസ്‌തിക ഭാട്യ(26), പൂജ വസ്ത്രകര്‍(18), ദീപ്‌തി ശര്‍മ്മ(15) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍.
Post Your Comments