ദുബായ്: കാമുകനൊപ്പം പോകാൻ വേണ്ടി തന്റെ മൂന്ന് മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. 26 വയസ്സുള്ള ഈജിപ്ഷ്യൻ യുവതിക്കും കാമുകനുമാണ് കോടതി വധശിക്ഷ വിധിച്ചത്. യുവതി മക്കളെ വിഷം കൊടുത്ത് കൊല്ലുകയും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ഗ്രാൻഡ് മുഫ്തിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് അപ്പർ ഈജിപ്തിലെ നാഗാ ഹമ്മദി ക്രിമിനൽ കോടതി ഇന്നലെ (ശനിയാഴ്ച) അന്തിമ വിധി പുറപ്പെടുവിച്ചു.
2021 ജൂലൈ മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റാഫത്ത് ഗലാൽ (35) വിഷം കഴിച്ചെന്നും അദ്ദേഹത്തിന്റെ മക്കളായ അമീറ (എട്ട്), അമീർ (ഏഴ്), ആദം ഒമ്പത് എന്നിവർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്നും ക്വീന സെക്യൂരിറ്റി ഡയറക്ടറേറ്റിന് റിപ്പോർട്ട് ലഭിച്ചു. മൂന്ന് കുട്ടികളുടെ മരണത്തിൽ സംശയമുണ്ടെന്ന് തോന്നിയതോടെ അന്വേഷണ സംഘം കേസ് വിശദമായി അന്വേഷിച്ചു. പിന്നിൽ ഗലാലിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയാണെന്ന് കണ്ടെത്തി.
കാമുകനായ ഡ്രൈവർക്കൊപ്പം താമസിക്കാൻ വേണ്ടിയാണ് യുവതി മക്കളെയും ഭർത്താവിനെയും ഇല്ലാതാക്കാൻ ശ്രമിച്ചത്. കാമുകന്റെ സഹകരണം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. യുവതിയും ഡ്രൈവറും തമ്മിൽ 3 വർഷമായി രഹസ്യബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം ജ്യൂസ് വാങ്ങി അതിൽ വിഷ പദാർത്ഥം കലർത്തി ഭർത്താവിനും മക്കൾക്കും നൽകിയത് യുവതിയാണ്. കുട്ടികൾക്കും ഭർത്താവിനും ഭക്ഷ്യവിഷബാധയേറ്റു. മൂന്ന് കുട്ടികളും മരിച്ചു. ഭർത്താവിന് ബോധം നഷ്ടപ്പെടുകയും അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികളെ പിടികൂടി അന്വേഷണം നടത്തി. കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യപ്പെടുകയും ഗ്രാൻഡ് മുഫ്തിയുടെ അനുമതി ലഭിച്ചതിന് ശേഷം വധശിക്ഷ വിധിക്കുകയും ചെയ്തു.
Post Your Comments