ArticleKeralaLatest NewsNewsWriters' Corner

ആറര വർഷത്തിൽ 15 തവണ വിദേശത്തേക്ക് പറന്ന് മുഖ്യൻ: ഇടത് മന്ത്രിമാർ 85 തവണ വിദേശ യാത്ര ചെയ്തത് എന്തിനുവേണ്ടി?

6 വട്ടത്തെ യുഎഇ സന്ദർശനം കൂടാതെ 4 വട്ടം മുഖ്യമന്ത്രി യുഎസിലേക്കും പോയി.

എല്ലാം ശരിയാകും എന്ന പരസ്യവാചകത്തോടെ എത്തി കേരളത്തിൽ ആദ്യമായി ഇടതുപക്ഷം തുടർഭരണം നേടിയെടുത്തു. ആറര വർഷത്തെ എൽഡിഎഫ് ഭരണത്തിനിടയിൽ കേരള വികസനത്തിന്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പലതവണ വിദേശ യാത്രകൾ നടത്തി. ഈ യാത്രകൾ കൊണ്ട് കേരളത്തിൽ നടപ്പിലായ പുതിയ പദ്ധതികൾ എന്തൊക്കെ?

ഈ ഭരണകാലത്ത് 85 തവണയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിദേശത്തേയ്ക്ക് പറന്നത്. മുഖ്യമന്ത്രി നടത്തിയത് 15 യാത്രകൾ, അതിൽ 6 എണ്ണം യുഎഇയിലേക്ക്. പിണറായി വിജയന്റെ ഈ യാത്രയിൽ സ്വർണ്ണക്കടത്ത് സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട എം.ശിവശങ്കർ ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഒന്നാം പിണറായി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപ്പിച്ച ഒന്നായിരുന്നു സ്വർണ്ണക്കടത്ത് വിവാദം. 2019 മേയിൽ 3 ദിവസം വീതം നെതർലൻഡ്സും സ്വിറ്റ്സർലൻഡും, ഓരോ ദിവസം വീതം ഫ്രാൻസും യുകെയും – ഇതായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്യൻ പര്യടനം. 6 വട്ടത്തെ യുഎഇ സന്ദർശനം കൂടാതെ 4 വട്ടം മുഖ്യമന്ത്രി യുഎസിലേക്കും പോയി. ബഹ്റൈൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേയ്ക്കും അദ്ദേഹം യാത്ര നടത്തി.

read also: സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ എൽഐസി സരള്‍ പ്ലാൻ, വിശദാംശങ്ങൾ അറിയാം

പുഷ്പക്കൃഷി വികസനം, സമുദ്ര നിരപ്പിനു താഴെ കൃഷി, വാഴപ്പഴ കയറ്റുമതിക്കു ഗുണം ചെയ്യുന്ന ഷെൽഫ് ലൈഫ് വർധിപ്പിക്കൽ തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്ക് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര. ഇവയെല്ലാം ഇപ്പോഴും ചർച്ചയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഇനി ഇവ നടപ്പിലാകുന്നത് എന്നാകും ?

പിണറായി വിജയന് തൊട്ടുപിന്നിലായി13 യാത്രകളുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രണ്ടാമത് നിൽക്കുന്നുണ്ട്. മൂന്നാം സ്ഥാനത്ത് 7 യാത്രകളുമായി ഇ.പി.ജയരാജനാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മന്ത്രിമാർ വിമാനക്കൂലി ഇനത്തിൽ സമർപ്പിച്ചത് 49.23 ലക്ഷം രൂപയുടെ ബില്ലുകളാണ്. പല ബില്ലുകളും ഇനിയും കൊടുക്കാനുണ്ട്. അതു കൂടിയാകുമ്പോൾ ചെലവ് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

read also: ‘ആര്‍.എസ്.എസ് വിധേയത്വവും പേറിനടക്കുന്ന ഖദര്‍ ശരീരങ്ങള്‍, ഏതുനിമിഷവും ബി.ജെ.പിയാകാന്‍ ഒരു മടിയുമില്ലാത്തവര്‍’: എഎ റഹീം

എല്ലാ സർക്കാരുകളുടെയും കാലത്ത് ഏറ്റവുമധികം യാത്ര ചെയ്യാറുള്ളതു ടൂറിസം മന്ത്രിമാരാണ്. കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വിദേശ രാജ്യങ്ങളിൽ പരിചയപ്പെടുത്താനായി ടൂറിസം മന്ത്രിയായ കടകംപള്ളി സഞ്ചരിച്ച രാജ്യങ്ങൾ ജർമനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, സ്പെയിൻ, കസഖ്സ്ഥാൻ, ജപ്പാൻ എന്നിവയാണ്. എന്നിട്ട് എന്തെങ്കിലും വികസന പദ്ധതികൾ പ്രാവർത്തികമായോ? ലോകം മുഴുവൻ വ്യാപിച്ച കോവിഡ് വൈറസ് കാരണം ടൂറിസം മേഖല തകരുകയാണുണ്ടായത്.

മുഖ്യമന്ത്രിയും എ.കെ.ശശീന്ദ്രനും നടത്തിയ ജപ്പാൻ യാത്ര ടൊയോട്ട കമ്പനിയുടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ നിർമാണ യൂണിറ്റുകൾ സംസ്ഥാനത്ത് ആരംഭിക്കാനുള്ള പദ്ധതിയുമായി ആയിരുന്നു. ചർച്ച നടത്തിയെങ്കിലും ഇതുവരെയും തുടങ്ങിയിട്ടില്ല. കൂടാതെ, റോഡ്‌ വികസനത്തിനും ബസുമായുള്ള കാര്യങ്ങൾക്കും പഠനം നടത്താൻ കെഎസ്ആർടിസി എംഡിയും ഗതാഗത മന്ത്രിയുമെല്ലാം വിദേശത്ത് കറങ്ങി. ആധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ റോഡ് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു പഠിക്കാൻ ലണ്ടനിലേക്കാണ് എ.കെ.ശശീന്ദ്രൻ‌ യാത്രപോയത്. എന്നാൽ, വണ്ടിയോടിക്കാനോ നടക്കാനോ കഴിയാത്ത വിധത്തിൽ കുഴികൾ നിറഞ്ഞിരിക്കുകയാണ് കേരളത്തിലെ റോഡുകളിൽ. കേരളത്തിന്റേത് ആണോ കേന്ദ്രത്തിന്റേതാണോ ഈ കുഴികൾ എന്നതാണ് ഇപ്പോൾ സംശയം.

എന്നാൽ, മുഖ്യന്റെ വിദേശയാത്ര മുഴുവൻ പാഴായിപ്പോയി എന്ന് പറയാൻ പറ്റില്ല. കാരണം, 2150 കോടി കിഫബിയ്ക്ക് സമാഹരിക്കാൻ സാധിച്ചു. കിഫ്ബിയുടെ മസാല ബോണ്ട് ലോഞ്ചിങ് ചടങ്ങിനു മുഖ്യമന്ത്രിയും ടി.എം.തോമസ് ഐസക്കും ലണ്ടനിലേക്കു പോയത് വിവാദമായത് ഓർക്കേണ്ടതാണ്. പ്രവാസി ചിട്ടി പ്രചാരണത്തിനായി ധനമന്ത്രിയും സംഘവും ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചുവെങ്കിലും കാര്യമായ നേട്ടമുണ്ടായില്ലെന്നു നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.

തോമസ് ചാണ്ടി, സി.രവീന്ദ്രനാഥ്, മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരൻ.എന്നീ മന്ത്രിമാർ ഓരോ തവണ മാത്രമാണു വിദേശത്തുപോയത്. രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയും മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും ജെ.ചിഞ്ചുറാണിയുമാണ് വിദേശയാത്ര നടത്തിയിരിക്കുന്നത്. ബാക്കിയുള്ളവർക്ക് ഇനിയും സമയമുണ്ടല്ലോ എന്ന് സമാധാനിക്കാം!!

shortlink

Related Articles

Post Your Comments

Related Articles


Back to top button