KeralaLatest NewsNews

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച സമാപനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച വൈകീട്ട് സമാപനം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനാഘോഷം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിനാണ് സമാപന പരിപാടികളുടെ ആരംഭം.

Read Also: സ്‌കൂളിന്റെ മറവില്‍ മതപരിവര്‍ത്തന റാക്കറ്റ്: നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ചടങ്ങില്‍ ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വിദ്യാഘോഷങ്ങള്‍ക്കും ഒപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്റുകളും ഘോഷയാത്രയില്‍ അണിനിരക്കും. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 76 ഫ്ളോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും. 10 അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫ്ളോട്ടുകളും ഘോഷയാത്രയുടെ ഭാഗമായി അണി നിരക്കും.

യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വിഐപി പവലിയനിലാണ് മുഖ്യമന്ത്രി, എംഎല്‍എമാര്‍ എന്നിവര്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര വീക്ഷിക്കാന്‍ പബ്ലിക് ലൈബ്രറിയുടെ മുന്നിലെ പവലിയനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വൈകീട്ട് എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം മികച്ച ഫ്ളോട്ടുകള്‍ക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. സിനിമാ താരം ആസിഫ് അലി മുഖ്യ അതിഥിയായിരിക്കുമെന്ന് ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ അറിയിച്ചു. നാല് പ്രധാന വേദികളില്‍ വിവിധ കലാ സംഘടനകള്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ ഉണ്ടായിരിക്കും. അഞ്ചു മണിക്ക് ആരംഭിച്ച് എട്ട് മണിക്ക് അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button