കോട്ടയം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ച് വരികയാണ്. ഇന്നലെയും കുട്ടികൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി. ഇവയുടെ ശല്യം കാരണം, സ്ത്രീകൾക്കും കുട്ടികൾക്കും കാൽനടയായി യാത്ര ചെയ്യാൻ കഴിയാതെ വരികയാണ്. ബൈക്കിൽ പോകുന്നവരെ വരെ തെരുവുനായ്ക്കൾ ആക്രമിക്കുകയാണ്. ഇതിനിടെ, തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വരുന്നു.
വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിൽ ആണ് തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്ത്. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. പലതവണ നാട്ടുകാർക്ക് കടിയേറ്റിട്ടും അധികൃതർ നടപടി എടുക്കാത്തതിനെ തുടർന്ന് നായകളെ വിഷംവെച്ച് കൊന്നതാണെന്നാണ് മൃഗസ്നേഹികൾ ആരോപിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേർക്കാണ് നായയുടെ കടിയേറ്റത്. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്നേഹികളുടെ പ്രതിഷേധം.
Post Your Comments