Latest NewsNewsIndia

‘അവർ ആഘോഷിക്കുകയാണ്’: വിവാഹമോചനം നേടിയ 18 പുരുഷന്മാർ ചേർന്ന് പാർട്ടി, ക്ഷണക്കത്ത് വൈറൽ

ഭോപ്പാൽ: ഭോപ്പാൽ ആസ്ഥാനമായുള്ള ഒരു എൻ‌.ജി‌.ഒ വിവാഹമോചനം നേടിയ 18 പുരുഷന്മാർക്കായി ഒരു ചടങ്ങ് സംഘടിപ്പിക്കുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവാഹമോചിതരായ 18 പുരുഷന്മാർക്ക് വേണ്ടിയുള്ള ആഘോഷ ചടങ്ങിന്റെ ക്ഷണക്കത്ത് വൈറലാകുന്നു. ഒരു ദിവസം മുതൽ 30 വർഷം വരെ വിവാഹജീവിതം നയിച്ച്‌ വിവാഹമോചനം നേടിയവർ ഈ കൂട്ടത്തിലുണ്ട്.

വിവാഹമോചനത്തിന് ശേഷം ജീവിതം അവസാനിച്ചിട്ടില്ലെന്നും മികച്ച രീതിയിൽ ജീവിതയാത്ര തുടരാമെന്നും ആളുകളെ പ്രേരിപ്പിക്കുന്നതിനായിട്ടാണ് ഈ പാർട്ടി. സാമ്പത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല മേഖലകളിലും പോരാടി ഒരാൾക്ക് ഈ ‘സ്വാതന്ത്ര്യം’ ലഭിക്കുമ്പോൾ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകർ വാദിക്കുന്നു. വിവാഹമോചനക്കേസുകളിൽ പ്രശ്‌നങ്ങൾ നേരിടുന്ന പുരുഷന്മാർക്കായി ഹെൽപ്പ് ലൈൻ നടത്തുന്ന ഭായ് വെൽഫെയർ സൊസൈറ്റി എന്ന എൻജിഒയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സാമൂഹികവും സാമ്പത്തികവും ചിലപ്പോഴൊക്കെ മാനസികവുമായ ആഘാതങ്ങൾ പോലുള്ള വിവിധ പ്രശ്നങ്ങളിൽ നിന്നും കരകയറിയ മനുഷ്യൻ അവന്റെ സ്വാതന്ത്ര്യവും സമാധാനവും ആഘോഷിക്കണമെന്നാണ് സംഘാടകർ പറയുന്നത്. ഇതിന് വേണ്ടിയാണ്, ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. അവരെയെല്ലാം സമ്മർദ്ദരഹിതരാക്കുകയും കൂടുതൽ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ജീവിതം നയിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് സംഘാടക സമിതി അംഗം സാക്കി അഹമ്മദ് പറയുന്നു.

ചില സമയങ്ങളിൽ നീണ്ട നിയമപോരാട്ടങ്ങൾ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നു. അത്തരമൊരു ചടങ്ങ് പുതുതായി ആരംഭിക്കാനുള്ള അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു. അതേസമയം, ക്ഷണക്കത്ത് വൈറലായതോടെ വിഷയത്തിൽ പ്രതികരിക്കാൻ വനിതാ കമ്മീഷനെ മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ, എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പ് വിഷയം ചർച്ച ചെയ്യട്ടെ എന്നായിരുന്നു പാനൽ അംഗങ്ങൾ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button