പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാൻസുമായി കൈകോർത്ത് നൈജീരിയ. ബിനാൻസുമായുളള സഹകരണത്തിലൂടെ രാജ്യത്ത് പ്രത്യേക സാമ്പത്തിക മേഖല ഒരുക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി നൈജീരിയയിൽ ക്രിപ്റ്റോ ഹബ്ബ് തുടങ്ങാനാണ് ലക്ഷ്യം. നൈജീരിയ എക്സ്പോർട്ട് പ്രോസസിംഗ് സോൺ അതോറിറ്റിയുടെ സഹകരണത്തോടെയാണ് ക്രിപ്റ്റോയ്ക്ക് വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക മേഖല രൂപകൽപ്പന ചെയ്യുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ നൈജീരിയയുടെതാണ്. കൂടാതെ, Coingecko നടത്തിയ പഠന റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ ‘most crypto curious’ രാജ്യമായി നൈജീരിയയെ തിരഞ്ഞെടുത്തിരുന്നു. അതേസമയം, 2021 ൽ ഏകദേശം 13 ദശലക്ഷം നൈജീരിയക്കാരാണ് ക്രിപ്റ്റോ നിക്ഷേപത്തിൽ പങ്കാളികളായത്.
പ്രധാനമായും, ബ്ലോക്ക് ചെയിൻ, വെബ്3 എന്നീ മേഖലകളിൽ നിന്നുള്ള നിക്ഷേപങ്ങൾക്കാണ് നൈജീരിയ പ്രാധാന്യം നൽകുന്നത്. കൂടാതെ, നൈജീരിയയിലെ ആകെ ജനസംഖ്യയുടെ 6.3 ശതമാനം ക്രിപ്റ്റോ നിക്ഷേപകർ ആയതിനാൽ, വർഷങ്ങൾക്കകം ക്രിപ്റ്റോ രംഗത്ത് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ക്രിപ്റ്റോ ഹബ്ബ് പ്രാബല്യത്തിലാകുന്നതോടെ, ക്രിപ്റ്റോയ്ക്ക് വേണ്ടി പ്രത്യേക മേഖല നിലവിൽ വരുന്ന ആദ്യ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായി നൈജീരിയ മാറും.
Post Your Comments