കേരളത്തില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നു. ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകള്‍ പെരുകുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവര്‍ ചെറിയ പ്രശ്‌നങ്ങളെ നേരിടാനാകാതെ ആത്മഹത്യയെ ആശ്രയിക്കുന്നു. അതുകൊണ്ടു തന്നെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും അവയെ തരണം ചെയ്യാനും ഇന്ന് മന:ശാസ്ത്ര വിദഗ്ധരും കൗണ്‍സിലിംഗ് സെന്ററുകളും നമ്മുടെ കേരളത്തില്‍ ധാരാളമുണ്ട്.
സെപ്റ്റംബര്‍ 10നാണ് ലോക ആത്മത്യാ പ്രതിരോധ ദിനമായി ലോകം മുഴുവനും ആചരിക്കുന്നത്. ആത്മഹത്യയെക്കുറിച്ച് അവബോധം ഉണ്ടാക്കാനും ആത്മഹത്യ തടയാനും ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നു.
വിഷാദം ആണ് ആത്മഹത്യയിലേക്കു നയിക്കുന്ന ഒരു ഘടകം. ആദ്യ ഘട്ടത്തില്‍തന്നെ വിഷാദം കണ്ടെത്തിയാല്‍, ആവശ്യമായ ചികിത്സ നല്‍കിയാല്‍ ആത്മഹത്യ തടയാന്‍ ഒരു പരിധിവരെ സാധിക്കും. ഒരു വ്യക്തിയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമല്ല. ഒരാളില്‍ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നത് അതിലും പ്രയാസമാണ്. വിഷാദം ബാധിച്ച ഒരാള്‍ സാമൂഹ്യമായ പിന്‍വാങ്ങല്‍ പ്രകടമാക്കിയേക്കാം. മരണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും ജീവിതം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അയാള്‍ സംസാരിച്ചേക്കാം. വിശപ്പില്ലായ്മ, ശരീരം ഒട്ടും ശ്രദ്ധിക്കാതിരിക്കുക, ഭാരം കുറയുക, ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, ആരുടെയും സഹായം തേടാതിരിക്കുക ഇതെല്ലാം വിഷാദ രോഗലക്ഷണങ്ങളാണ്. വിഷാദ രോഗം ബാധിക്കാത്ത ഒരാളെ അപേക്ഷിച്ച് വിഷാദം ബാധിച്ച ഒരാള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇരുപത് ഇരട്ടിയാണ്.
ക്ലിനിക്കല്‍ ഡിപ്രഷന്‍
ചികിത്സിച്ചു സുഖപ്പെടുത്താവുന്ന, വളരെ സാധാരണമായ ഒരു മാനസിക രോഗമാണിത്. എല്ലാ പ്രായക്കാരെയും ഇത് ബാധിക്കാം. ജനിതകവും സാമൂഹ്യ, പാരിസ്ഥിതിക, മാനസിക ഘടകങ്ങളും ഇതിന് കാരണമാകാം.
ലക്ഷണങ്ങള്‍
ദുഃഖം, അസ്വസ്ഥത, ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തന്നെ ക്ഷീണം തോന്നുക. കൂടുതല്‍ ഉറങ്ങുക (Hypersomnia) അല്ലെങ്കില്‍ കുറച്ചു മാത്രം ഉറങ്ങുക (Insomnia), വിശപ്പ് കൂടുതലോ അല്ലെങ്കില്‍ വിശപ്പില്ലായ്മയോ, ശരീരഭാരം വ്യത്യാസപ്പെടുക, ലൈംഗിക താല്‍പര്യമില്ലായ്മ, ആത്മവിശ്വാസം ഇല്ലായ്മ, നിരാശ, ശ്രദ്ധക്കുറവ്, നിസ്സഹായത, മറവി, ആത്മഹത്യാ ചിന്ത ഇവയെല്ലാം വിഷാദ ലക്ഷണങ്ങളാണ്. ഗുരുതരമായ വിഷാദം ബാധിച്ചാല്‍ ഹാല്യൂസിനേഷന്‍ ഉണ്ടാകാം.
കാരണങ്ങള്‍
പാരമ്പര്യം വിഷാദത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നു. ജീനുകള്‍ക്ക് ഒരു വലിയ പങ്കുണ്ട്. മറ്റ് ചില മാനസികാരോഗ്യ പ്രശ്നങ്ങള്‍, ഉത്കണ്ഠാ രോഗങ്ങളായ ഒസിഡി, എഡിഎച്ച്ഡി ഇവയെല്ലാം വിഷാദത്തിനു കാരണമാകാം. പ്രമേഹം, ഹൈപ്പോ തൈറോയ്ഡിസം, പാര്‍ക്കിന്‍സണ്‍സ് രോഗം, സിഒപിഡി, എച്ച് ഐ വി ഇവയെല്ലാം വിഷാദത്തിനു കാരണമാകാം. വിറ്റമിന്‍ ബി12, വിറ്റമിന്‍ ഡി യുടെ അഭാവവും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു സ്റ്റിറോയ്ഡ്, ബീറ്റാ ബ്ലോക്കേഴ്സ്, ഓറല്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ്, ആന്റി എപ്പിലെപ്റ്റിക്സ്, ആന്റി സൈക്കോട്ടിക് മെഡിക്കേഷന്‍ ഇവ വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിഷാദം ബാധിച്ച ആളെ എങ്ങനെ സഹായിക്കാം?
വിഷാദം ബാധിച്ച ഒരാളുമായി ദിവസവും സംസാരിക്കാന്‍ ശ്രമിക്കണം. നല്ല ഒരു കേള്‍വിക്കാരനാകാന്‍ ശ്രമിക്കുക. ക്ഷമയോടെ അവരെ കേള്‍ക്കുക, ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നത് അവരുടെ വൈകാരികമായ അവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കും.
ആദ്യ ഘട്ടങ്ങളില്‍ കൃത്യമായ ദിനചര്യയിലൂടെ തന്നെ വിഷാദം അകറ്റാന്‍ സാധിക്കും. സമീകൃത ഭക്ഷണം കഴിക്കുക, ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി ഇവ കുറയ്ക്കുക, യോഗ, ധ്യാനം ഇവ ശീലമാക്കുക. ഈ ചിട്ടകളിലൂടെ വിഷാദത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും.
പാട്ടു കേള്‍ക്കുക, വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുക ഇതെല്ലാം വിഷാദമകറ്റാന്‍ സഹായിക്കും. ഒരു മൂഡ് ഡയറി അല്ലെങ്കില്‍ ജേണല്‍ എഴുതുന്നതും നല്ലതാണ്.
ചികിത്സ
വിഷാദം ചികിത്സയിലൂടെ മാറ്റിയെടുക്കാം. സൈക്യാട്രിസ്റ്റിന്റെ സേവനം തേടാം. ആന്റി ഡിപ്രസന്റുകളിലൂടെയും സൈക്കോളജിക്കല്‍ തെറാപ്പിയിലൂടെയും സാമൂഹ്യമായ ഇടപെടലുകളിലൂടെയും രോഗം അകറ്റാം. വിഷാദത്തിന് സാധാരണയായി ഉള്ള ചികിത്സയാണ് കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി
നിങ്ങളുടെ സുഹൃത്ത്, പരിചയക്കാരന്‍ അല്ലെങ്കില്‍ കുടുംബത്തിലുള്ള ആരെങ്കിലും സാമൂഹ്യമായ പിന്‍വാങ്ങല്‍ പ്രകടമാക്കുകയോ വിഷാദ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്താല്‍ അവരെ നിങ്ങള്‍ക്ക് സഹായിക്കാന്‍ സാധിക്കും. സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കും. നിങ്ങളുടെ പ്രവൃത്തിയിലൂടെ അവര്‍ക്ക് പ്രതീക്ഷ നല്‍കാന്‍ സാധിക്കും. അങ്ങനെ ആത്മഹത്യയെ പ്രതിരോധിക്കാനും കഴിയും.
Post Your Comments