റിയാദ്: പുതിയ വിസയിലും അവധിയ്ക്ക് നാട്ടിലേക്കു പോയി തിരിച്ചെത്തുന്നതുമായ വീട്ടു ജോലിക്കാരെയും എയർപോർട്ടിൽ സ്വീകരിച്ചു ജോലി സ്ഥലത്ത് എത്തിക്കേണ്ട ചുമതല റിക്രൂട്ടിങ് സ്ഥാപനങ്ങൾക്കാണെന്ന് സൗദി അറേബ്യ. ഇതിന് പകരമായി മറ്റൊരാളെ ചുമതലപ്പെടുത്തണമെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ- ഓതറൈസേഷൻ എടുക്കണമെന്നാണ് നിർദ്ദേശം.
റിയാദ്, മദീന, ദമാം, ജിദ്ദ എയർപോർട്ടുകളിൽ ഈ സേവനം ലഭ്യമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, സൗദി ടൂറിസം വിസയുടെ കൂടുതൽ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇമെയിൽ വഴി രജിസ്റ്റർ ചെയ്ത് ആവശ്യപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകിയാൽ മണിക്കൂറുകൾക്കകം വിസ ലഭിക്കും.
300 റിയാൽ ഫീസും ഇൻഷുറൻസ് പോളിസി നിരക്കും നൽകിയാണ് ഗൾഫിലെ വിദേശികൾക്ക് ടൂറിസ്റ്റ് വിസ നേടാനാകുക. ഈ വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാമെങ്കിലും ഹജ് ചെയ്യാൻ കഴിയില്ല. ഒന്നോ അതിലധികമോ തവണ ടൂറിസ്റ്റ് വിസ ഉപയോഗിക്കാവുന്നതാണ്. വിസിറ്റ് സൗദി ഡോട്ട്‌കോം എന്ന വെബ്‌സൈറ്റിൽ വിസ പേജ് സന്ദർശിച്ച് വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് ഫീസ് അടക്കുന്നവർക്ക് ഇ മെയിൽ വഴി ഇ – വിസ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments