പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ഇടിച്ചിട്ട് നിർത്താതെ പോയ സ്വകാര്യ ബസിനെ പിന്നാലെ പിന്തുടർന്ന് പിടിച്ച സാന്ദ്രയാണ് സോഷ്യൽ മീഡിയയിലെ താരം. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ രാജപ്രഭ ബസ് ആണ് തടഞ്ഞിട്ടത്. പാലക്കാട് കൂറ്റനാടിന് സമീപത്താണ് സാന്ദ്ര എന്ന യുവതി തന്നെ അപകടപ്പെടുത്താൻ ശ്രമിച്ച ബസ് തടഞ്ഞ് നിർത്തിയത്.
രാവിലെ സാന്ദ്ര സ്കൂട്ടറിൽ സഞ്ചരിക്കവെ പിന്നിൽ വന്ന ബസ് സ്കൂട്ടറിന് പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. സ്കൂട്ടറിന് ഇടിച്ചെന്ന് മനസ്സിലായിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല. എതിരെ വന്ന ലോറിയെ മറികടക്കവെയായിരുന്നു ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടെ സാന്ദ്രയ്ക്ക് ജീവൻ രക്ഷാർത്ഥം കുഴിയയിലേക്ക് ഇറക്കേണ്ടി വന്നു. ശേഷം, ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് ബസ് തടഞ്ഞ് നിർത്തുകയായിരുന്നു. മരണയോട്ടം നടത്തിയ ബസിനെ തടഞ്ഞുനിർത്തിയ സാന്ദ്രയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സാന്ദ്ര ബസിനെ തടഞ്ഞ് നിർത്തുമ്പോൾ ചെവിയിൽ ഇയർഫോൺ കുത്തിവച്ച നിലയിലായിരുന്നു ഡ്രൈവർ. സാന്ദ്ര സംസാരിക്കുമ്പോഴും ഇത് ചെവിയിൽ നിന്ന് അഴിച്ചു മാറ്റാൻ ഡ്രൈവർ തയാറായില്ല. ഈ പെരുമാറ്റം വേദനിപ്പിച്ചുവെന്ന് സാന്ദ്ര പറഞ്ഞു. അതേസമയം സാന്ദ്ര ബസ് തടഞ്ഞു നിർത്തി സംസാരിക്കുമ്പോഴും ബസിലെ ഒരു യാത്രക്കാരൻ ഒഴികെയുള്ളവരോ വഴിയാത്രക്കാരോ പിന്തുണയ്ക്കാൻ എത്തിയില്ല. ഒരു യാത്രക്കാരൻ മാത്രമാണ് അഭിനന്ദിച്ചതെന്ന് സാന്ദ്ര പറഞ്ഞു. ആൺകുട്ടികളെ പോലെ ഗുണ്ടായിസം കാണിക്കുകയാണോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇതേ ബസിൽ നിന്ന് ഇതിന് മുമ്പും മോശം അനുഭവം ഉണ്ടായിരുന്നതായി സാന്ദ്ര പറഞ്ഞു. മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി സാന്ദ്ര പറഞ്ഞു. വളവുകളിൽ പോലും അമിത വേഗത്തിലാണ് ബസ് കടന്നു പോകാറുള്ളതെന്ന് ചിലർ പറഞ്ഞു. ‘വലിയ വണ്ടി ആണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ, നിങ്ങൾക്ക് മാത്രം കടന്നുപോയാൽ പോര, മറ്റുള്ളവർക്കും യാത്ര ചെയ്യണം. ഞാൻ ചത്തു പോയിരുന്നെങ്കിലോ. പെൺപിളേളരല്ലേ, കുട്ടിയല്ലേ ഒന്നും ചെയ്യില്ലെന്നാണോ വിചാരം?’, ഇതായിരുന്നു സാന്ദ്ര ബസ് ഡ്രൈവറോട് ചോദിച്ചത്.
Post Your Comments