സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബിൽ’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് നടന്നു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശിയായ പി. സുനിൽ കുമാറിനെയാണ് ഭാഗ്യം തേടിയെത്തിയത്. പ്രതിമാസ നറുക്കെടുപ്പിലെ വിജയിക്ക് ഒന്നാം സമ്മാനം 10 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ചു പേർക്ക് 2 ലക്ഷം രൂപയുമാണ് സമ്മാനത്തുക. തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ ബില്ലിനാണ് ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. മൂന്നാം സമ്മാനമായി ഒരു ലക്ഷം വീതം അഞ്ചുപേർക്ക് നൽകും.
നികുതി വെട്ടിപ്പ് തടഞ്ഞ്, ഉപഭോക്താക്കളിൽ ബില്ലുകൾ ചോദിച്ചു വാങ്ങുന്ന ശീലം പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ലക്കി ബിൽ ആപ്പിന് രൂപം നൽകിയത്. നിലവിൽ, 1,15,000 ലധികം ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ബമ്പർ നറുക്കെടുപ്പ് ഒക്ടോബർ ആദ്യ വാരമാണ് സംഘടിപ്പിക്കുക. ബമ്പർ വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ഈ മാസം 30 വരെ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ബില്ലുകളും ബമ്പർ നറുക്കെടുപ്പിനായി പരിഗണിക്കും.
Also Read: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപ്പെട്ട് മരിച്ചു
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലക്കി ബിൽ ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. ശേഷം, ഉപഭോക്താക്കൾക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ ഇതിൽ അപ്‌ലോഡ് ചെയ്യാം.
Post Your Comments