ന്യൂഡല്‍ഹി:വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പാപനികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി നിര്‍മ്മല സീതാരാമന്‍. ശീതള പാനീയങ്ങള്‍ സിഗരറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ജിഎസ്ടി നികുതി 28 ശതമാനത്തില്‍ നിന്ന് 35% ആയി ഉയര്‍ത്താന്‍ ആണ് ആലോചിക്കുന്നത്. അടുത്തിടെ കഴിഞ്ഞ ജി എസ് ടി മീറ്റിങ്ങില്‍ കേന്ദ്ര ധന മന്ത്രി ഇതേപ്പറ്റി യാതൊന്നും വെളിപ്പെടുത്തിയിരുന്നില്ല. മന്ത്രിതല യോഗത്തില്‍ ജി എസ് ടി നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് പാപനികുതി ഏര്‍പ്പെടുത്തുന്നത് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പൊതുജനാരോഗ്യത്തിന് ദോഷകരമാകുന്ന ഉത്പന്നങ്ങള്‍ക്ക് മുകളിലാണ് സര്‍ക്കാര്‍ പൊതുവേ പാപനികുതി ഏര്‍പ്പെടുത്താറുള്ളത്. ഒരേസമയം വരുമാനം വര്‍ദ്ധിപ്പിക്കാനും ഉപഭോഗം കുറയ്ക്കാനും ലക്ഷ്യമുള്ളതാണ് ഈ നീക്കം. 2023- 24 ബജറ്റില്‍ സിഗരറ്റിന്റെ വിലയില്‍ ചെറിയ തോതില്‍ പലിശ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ വര്‍ദ്ധനവ് ഉണ്ടായില്ല. അതിനാല്‍ തന്നെ ഇത്തവണ വില വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.
2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ദേശീയ ദുരന്ത പ്രതിരോധ തീരുവ 16 ശതമാനത്തോളം എക്‌സൈസ് നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതിലൂടെ സിഗരറ്റ് , പാന്‍ മസാല തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ 28 ശതമാനം നികുതി നിരക്കിലേക്ക് ഉയര്‍ന്നിരുന്നു. ഡിസംബറില്‍ ചേര്‍ന്ന മന്ത്രി തല യോഗത്തിലാണ് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മുകളില്‍ പാപനികുതി ഉയര്‍ത്തണമെന്നും 35 ശതമാനത്തിലേക്ക് എത്തിക്കണമെന്നും അഭിപ്രായമുയര്‍ന്നത്. ഈ തീരുമാനം നടപ്പിലായാല്‍ ശീതള പാനീയങ്ങള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എല്ലാം വില കുതിച്ചുയരും.
Post Your Comments