ന്യൂഡൽഹി: 1952 ലെ ഭാഷാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു തന്റെ മാതൃഭാഷയായ ബംഗ്ലായോടുള്ള സ്നേഹത്തെ കുറിച്ചും ഭാഷാ പ്രസ്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ചും ഹസീന സംസാരിച്ചത്.
പാകിസ്ഥാൻ രൂപീകൃതമായപ്പോൾ ബംഗ്ലാദേശിലെ ജനങ്ങളുടെ മേൽ ഉറുദു ഭാഷ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് ഹസീന പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ബംഗ്ലാദേശിന് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നൽകിയത് വലിയ തോതിലുള്ള ഭാഷാ പ്രസ്ഥാനമാണെന്ന് അവർ പറഞ്ഞു. പാകിസ്ഥാൻ രൂപീകൃതമായപ്പോൾ ഉറുദു ഭാഷ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടുവെന്നും, ഇതുകാരണം രാജ്യത്തുടനീളം ഒരു ഭാഷാ പ്രസ്ഥാനം ആരംഭിക്കുകയും ആ പ്രസ്ഥാനത്തിലൂടെ തങ്ങൾ സ്വാതന്ത്ര്യം നേടുകയും ചെയ്തുവെന്ന് ഹസീന എഎൻഐയോട് പറഞ്ഞു.
ബംഗ്ലാ ഭാഷ സംസാരിക്കുന്ന ആളുകൾക്ക് എത്ര പ്രധാനമാണെന്ന് ചോദിച്ചപ്പോൾ, ഏത് സമൂഹത്തിനും ഭാഷ അത്യന്താപേക്ഷിതമാണെന്ന് അവർ മറുപടി നൽകി. നമ്മുടെ സ്വന്തം ഭാഷയോടുള്ള ആകർഷണം ഒരു പ്രത്യേക കാര്യമാണെന്നും, മാതൃഭാഷയിൽ സംസാരിക്കുമ്പോൾ നമ്മുടെ മനസ്സ് നമ്മുടെ കൂടെ ഉണ്ടാകുമെന്നും ഹസീന പറഞ്ഞു. അവരവരുടെ രാജ്യത്തിനായി പ്രവർത്തിക്കാൻ ഇത് സഹായിക്കുമെന്നും ഹസീന വ്യക്തമാക്കി.
Post Your Comments