മുംബൈ: രാജ്യത്തെ മുന്‍നിര വ്യവസായികളില്‍ ഒരാളും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായിരുന്ന സൈറസ് മിസ്ത്രിയുടെ അപകടമരണം വ്യവസായ ലോകത്തെ ആകെ ഉലച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അപകട മരണത്തിന് പിന്നാലെ പ്രതിജ്ഞയെടുത്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്ത് എത്തി. കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുമ്പോഴും ഇനി താന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര ഉറപ്പ് നല്‍കിയത്. സൈറസ് മിസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുെവെച്ചു കൊണ്ടാണ് ട്വിറ്ററിലൂടെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘കാറിന്റെ പിന്‍സീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു. കൂടാതെ ആ പ്രതിജ്ഞയെടുക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നമ്മള്‍ എല്ലാവരും നമ്മുടെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു’, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
ഗുജറാത്തിലെ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സൈറസ് മിസ്ത്രി കാര്‍ അപകടത്തില്‍ മരണപ്പെട്ടത്. അനാഹിത പണ്ടോള്‍, സഹോദരന്‍ ജഹാംഗീര്‍ പണ്ടോള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം യാത്ര ചെയ്തത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. വാഹനം ഓടിച്ചിരുന്നത് അനാഹിത പണ്ടോളാണ്. പിന്‍സീറ്റില്‍ ഇരുന്നിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. അതിനാലാണ് അപകടസമയത്ത് എയര്‍ബാഗുകള്‍ തുറക്കാതിരുന്നതെന്നും അധികൃതര്‍ പറയുന്നു.
Post Your Comments