ന്യൂഡല്‍ഹി: അതിവേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കി സുപ്രീംകോടതി. കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീംകോടതി 1842 കേസുകള്‍ തീര്‍പ്പാക്കിയതായി ചീഫ് ജസ്റ്റിസ് യുയു ലളിത് അറിയിച്ചു.
കോടതി എത്ര വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 440 ട്രാന്‍സ്ഫര്‍ ഹര്‍ജികളും കോടതി തീര്‍പ്പാക്കിയെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയുടെ വേഗതയെപറ്റി പരാമര്‍ശിച്ചത്.
2022 സെപ്റ്റംബര്‍ 1 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 70,310 കേസുകള്‍, 51,839 പ്രവേശന വിഷയങ്ങള്‍, 18,471 റെഗുലര്‍ ഹിയറിംഗ് വിഷയങ്ങളും സുപ്രീംകോടതിയില്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. ഇത് പെട്ടെന്ന് പരിഹരിക്കാനും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും സ്ഥാനത്തുള്ള ചുരുങ്ങിയ കാലയളവില്‍ പരമാവധി ശ്രമിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കി.
കഴിഞ്ഞ മാസം 27നാണ് ജസ്റ്റിസ് എന്‍.വി രമണയുടെ പിന്‍ഗാമിയായി യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്തത്. 49-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ അദ്ദേഹത്തിന് 74 ദിവസത്തെ കാലാവധിയാണുള്ളത്. നവംബര്‍ 8ന് അദ്ദേഹം വിരമിക്കും.
Post Your Comments