തിരുവനന്തപുരം: ഷവർമയുണ്ടാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പുതിയ മാർഗനിർദ്ദേശ പ്രകാരം ഷവർമയുണ്ടാക്കാൻ ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് ഇല്ലാത്തവർക്ക് അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.
പാർസൽ നൽകുന്ന ഷവർമ പാക്കറ്റുകളിൽ അതുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനുശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തിയിരിക്കണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു.
വൃത്തിയുള്ള സ്ഥലത്ത് മാത്രമേ ഷവർമ പാചകം ചെയ്യാവൂ. ഷവർമ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാൻഡ് വൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഭക്ഷണമുണ്ടാക്കുന്നവർ ഹെയർ ക്യാംപും ഗ്ലൗസും ധരിക്കണം. തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണമെന്നും തൊഴിൽദാതാവ് തൊഴിലാളികളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എഫ്എസ്എസ്എഐ അംഗീകാരമുള്ള വ്യാപാരികളിൽ നിന്നു മാത്രമേ ഷവർമ തയാറാക്കാനുള്ള ഉത്പന്നങ്ങൾ വാങ്ങാവൂ. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം. ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം. പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിലധികം വയ്ക്കാൻ പാടില്ല. ഉപയോഗിച്ച ശേഷം ബാക്കിവരുന്ന മയണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. ഇത് 2 ദിവസത്തിന് ശേഷം ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.
Post Your Comments