കായംകുളം: ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദ് (44) ആണ് അറസ്റ്റിലായത്.
Read Also : എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയം, ഗൾഫുകാരനായപ്പോൾ മനസ് മാറി: അശ്വിനെ കുടുക്കിയത് ഫോൺ പരിശോധന
കഴിഞ്ഞ 17-ന് പുലർച്ചെ 3.30 നായിരുന്നു കേസിനാസ്പദമായ സംഭവം. കായംകുളം പെരിങ്ങാല കരിമ്പോലിൽ തറയിൽ ലേഖ മുരളീധരന്റെ മകൾ മയൂരിയുടെ ഇടതുകാലിൽ കിടന്നിരുന്ന ഒരുപവൻ തൂക്കം വരുന്ന സ്വർണപാദസരമാണ് ജനാലയുടെ വാതിൽ തുറന്ന് കമ്പിയഴികൾക്കിടയിൽ കൈകടത്തി മോഷ്ടിച്ചത്. പ്രതിയെ രണ്ടാംകുറ്റി ജംഗ്ഷന് കിഴക്ക് വശത്തുനിന്നാണ് പിടികൂടിയത്.
ഇയാൾ കരുനാഗപ്പള്ളി, ഓച്ചിറ, ചവറ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, എസ്ഐ മുരളീധരൻ നായർ, പൊലീസുകാരായ അൻവർ, ഫിറോസ്, ഹരികുമാർ, മനോജ്, അനീഷ്, ദീപക്, വിഷ്ണു, ശ്രീരാജ്, ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments