ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന്, തൊഴിലാളികൾ കടലിൽ വീണു. അപകടത്തിൽപ്പെട്ട തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ ഇവരുടെ വള്ളവും വലയും മറ്റ് ഉപകരണങ്ങളും തകർന്നു. കോമന പുതുവൽ അനിയൻകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കട്ടക്കുഴി എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പെട്ട സമയം 20 ഓളം തൊഴിലാളികൾ വള്ളത്തിൽ ഉണ്ടായിരുന്നു.
മത്സ്യബന്ധനം നടത്തി തിരികെ വരുന്നതിനിടെ വളഞ്ഞ വഴി പടിഞ്ഞാറ് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. കടലിൽ വീണ തൊഴിലാളികളെ തീരദേശ പൊലീസ് ആണ് രക്ഷപ്പെടുത്തിയത്. വള്ളം മറിഞ്ഞതോടെ വലയിലുണ്ടായിരുന്ന മത്തിയും നഷ്ടപ്പെട്ടു. ഒരു ലക്ഷം രൂപയുടെ വല ഉപയോഗ ശൂന്യമാവുകയും വള്ളത്തിൻ്റെ പല ഭാഗവും പൊട്ടിത്തകരുകയും ചെയ്തു.
Post Your Comments