വെള്ളറട: സര്‍ക്കാര്‍ പദ്ധതി പ്രകാരം പണം അനുവദിച്ച് നിര്‍മാണം തുടങ്ങിയ വീടിന്റെ പകുതിയെത്തിയ പണി നിര്‍ത്താനും ഇതുവരെ കിട്ടിയ തുക തിരിച്ചടയ്ക്കാനും നിര്‍ധനകുടുംബത്തിന് പഞ്ചായത്തിന്റെ നിര്‍ദേശം. അമ്പൂരി പഞ്ചായത്തിലെ കുടപ്പനമൂട് തെങ്ങിന്‍കോണം ഷൈന്‍ നിവാസില്‍ ഷിജിന്റെയും ഭാര്യ ചിഞ്ചുബാബുവിന്റെയും വീട് നിര്‍മാണമാണ് അധികൃതരുടെ അനാസ്ഥയില്‍ നിലച്ചത്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച വീടിന്റെ നിര്‍മാണജോലികള്‍ പകുതിവഴിയിലെത്തിയപ്പോഴാണ് വീട്ടുകാരെ ഊരാക്കുടുക്കിലാക്കി അധികൃതരുടെ നിര്‍ദേശമെത്തിയത്. പെരുങ്കടവിള ബ്ലോക്കില്‍നിന്ന് പി.എം.എ.വൈ. പദ്ധതിയിലൂടെ വീട് ലഭിച്ച വിവരം കഴിഞ്ഞവര്‍ഷമാണ് വി.ഇ.ഒ.യും വാര്‍ഡ് അംഗവും അറിയിച്ചത്. വാടകവീട്ടില്‍ കഴിയുകയായിരുന്ന ഈ നിര്‍ധന കുടുംബത്തിന് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പി.എം.എ.വൈ.യിലൂടെ വീട് നിര്‍മാണത്തിന് അനുമതി കിട്ടിയത്.
തുടര്‍ന്ന്, ഇവര്‍ അമ്പൂരി പഞ്ചായത്തോഫീസിലെത്തി കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ആകെയുള്ള അഞ്ച് സെന്റ് വസ്തുവില്‍ വീടുപണി തുടങ്ങി അസ്തിവാരം പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യഗഡുവായ 48000 രൂപയ്ക്കായി ചിഞ്ചുബാബു ബ്ലോക്ക് ഓഫീസില്‍ പലതവണ ചെന്നെങ്കിലും തുക കിട്ടിയിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായ ആദ്യഗഡു, രണ്ടാംഘട്ടത്തിലെ തുകയോടൊപ്പം കിട്ടുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ചിഞ്ചുബാബു പറഞ്ഞു.
പിന്നീടുള്ള പണിക്കായി ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കൂടി വിഹിതമായ രണ്ടാം ഗഡു തുകയായ 112000 രൂപ അക്കൗണ്ടിലൂടെ ലഭിച്ചു. തുടര്‍ന്ന് കടം വാങ്ങിയും പലിശയ്‌ക്കെടുക്കുകയും ചെയ്ത പണംകൂടി വിനിയോഗിച്ച് ഭിത്തികെട്ടി വാതിലും ജനലുകളും സ്ഥാപിച്ചു. കോണ്‍ക്രീറ്റിങ്ങിനായി മൂന്നാം ഗഡു തുക ചോദിക്കാനെത്തിയപ്പോഴാണ് വീട് അനുവദിച്ചത് ചിഞ്ചുബാബുവിനല്ലെന്നും നിര്‍മാണം നിര്‍ത്തിവെക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്.
ക്‌ളെറിക്കല്‍ പിശക് കാരണം തൊഴില്‍ കാര്‍ഡിലെ നമ്പര്‍ മാറിപ്പോയതായും നേരത്തെ പദ്ധതി ആനുകൂല്യം ലഭിച്ച മറ്റൊരാളിന്റെ തൊഴില്‍ കാര്‍ഡിന്റെ നമ്പരാണ് ചിഞ്ചുബാബുവിന്റേതെന്ന് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അറിയിച്ചു. ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നും പറഞ്ഞതോടെ ഈ നിര്‍ധന കുടുംബം ഊരാക്കുടുക്കിലായി. വീടിന്റെ തുടര്‍പണികള്‍ക്കായി ഷിജിനും ഭാര്യ ചിഞ്ചുബാബുവും ഇപ്പോള്‍ വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്.
അതേസമയം, തൊഴിലുറപ്പ് കാര്‍ഡിലുണ്ടായ പിശക് കാരണമാണ് പദ്ധതി പട്ടികയില്‍നിന്ന് ചിഞ്ചുബാബുവിന്റെ പേര് ഒഴിവാക്കപ്പെട്ടതെന്നും മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വീട് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും വി.ഇ.ഒ. പറഞ്ഞു. ഇതിന് പ്രത്യേക ഉത്തരവ് വന്നതായും തുടര്‍നടപടികള്‍ക്കുശേഷം നിര്‍മാണം നടക്കുമെന്നും അധികൃതർ പറയുന്നു.
Post Your Comments