തിരുവനന്തപുരം: മന്ത്രിസഭയിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കാത്തിരിക്കാനാണ് അദ്ദേഹം പറയുന്നത്. മന്ത്രിസഭ പുനഃസംഘടയില്‍ തീരുമാനമായില്ലെന്നും പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് നേരത്തെ, നിയുക്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എല്ലാവരെയും ഒറ്റക്കെട്ടായി ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ നിലയിലും മികവ് പ്രകടിപ്പിച്ചയാളാണ് എം.വി ഗോവിന്ദനെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഉചിതമായ തീരുമാനമേ പാര്‍ട്ടി എടുക്കൂവെന്നും മന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ഗോവിന്ദനെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കും. എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പാണ് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്യുന്നത്. കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത.
തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറോ, മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ ശൈലജയോ ചുമതലയില്‍ എത്തിയേക്കാം എന്നാണ് സൂചന. കൂടുതല്‍ പ്രവര്‍ത്തന മികവ് പ്രതീക്ഷിക്കുന്നവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നറിയുന്നു. കെ.കെ ശൈലജയ്ക്ക് നറുക്ക് വീഴാനാണ് സാധ്യത.
Post Your Comments