കോട്ടയം: ഒരു വർഷം നീണ്ടു നിന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ പൂർത്തിയാക്കി കാരിത്താസ് ആശുപത്രി. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2022 ആഗസ്റ്റ് 29 തിങ്കൾ രാവിലെ 11 മണിക്ക് ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
ഡയമണ്ട് ജുബിലിയുടെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി 3303 പേർക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകാൻ കഴിഞ്ഞു യെന്നത് ചാരിതാർഥ്യം നൽകുന്ന ഒരു അനുഭവമാണെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ഈ ഡയമണ്ട് ജൂബിലി വർഷം അർഹതപെട്ടവർക്ക് വിവിധ ആരോഗ്യ ചികിത്സകൾക്കായി മൂന്നു കോടി രൂപയിലധികം സൗജന്യമനുവദിച്ചാണ് കാരിത്താസ്@60 എല്ലാ മനുഷ്യരെയും ചേർത്തു പിടിക്കുന്ന ആഘോഷമായി മാറിയത്.
read also: തുടകളുടെ അകവശം ഇരുണ്ടതാണോ: തുടകളിലെ ഹൈപ്പർപിഗ്മെന്റേഷൻ ഒഴിവാക്കാനുള്ള സ്വാഭാവിക വഴികൾ ഇവയാണ്
കാരിത്താസ് ആശുപത്രി എക്കാലത്തും നടത്തിവരുന്ന ചാരിറ്റി പ്രവർത്തങ്ങൾക്ക് പുറമെയാണ് ഈ ചികിത്സാ സഹായങ്ങൾ ലഭ്യമാക്കിയത്. 15165 ഡയാലിസിസുകൾ, 2288 മാമ്മോഗ്രാം, 1255 ആൻജിയോഗ്രാം തുടങ്ങി വിവിധ ആരോഗ്യ ചികിത്സകൾ സൗജന്യമായി സാധാരണക്കാരായ അർഹതപെട്ടവർക്ക് നൽകുവാൻ കഴിഞ്ഞു. 45 കിടക്കകൾ ഉള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റ്, കാരിത്താസ് ആശുപത്രിയുടെ പേരിലുള്ള ബ്ലഡ് ഡോണേഴ്സ് മൊബൈൽ ആപ്പ്, പാർക്കിൻസൺസ് ആൻറ് മൂവ്മെൻറ് ഡിസോഡർ ക്ലിനിക്ക് , പ്രകൃതി ദുരന്തം നേരിട്ട കൂട്ടിക്കലിൽ 100 ദിവസം നീണ്ട സൗജന്യ മെഡിക്കൽ ക്യാമ്പ് , സ്പോർട്സ് ഇഞ്ചുറി ആൻഡ് അഡ്വാൻസ് ആർത്രോസ്കോപ്പി സെന്റർ,
‘സി പെ’ കാരിത്താസ് ആശുപത്രിയിൽ ബില്ല് അടക്കുന്നതിനുള്ള പ്രത്യേക സൗകര്യം, ‘വിരൽ തുമ്പിൽ കാരിത്താസ്’ കാരിത്താസ് ആശുപത്രിയിലെ ചികിത്സയ്ക്കായി പ്രത്യേക സൗകര്യം, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ആരോഗ്യ വകുപ്പ്, എന്നിവരോടൊത്ത് കേരളത്തിൽ ഇദംപ്രദമായി ഹെൽത്ത് ടെക്ക് സമ്മിറ്റ് 2022, സ്പെഷ്യലിറ്റി മെഡിസിനിൽ തുടർച്ചയായ ഹെൽത്ത് കോൺക്ലെവുകൾ തുടങ്ങി നിരവധി പരിപാടികളാണ് ഡയമണ്ട് ജുബിലിയുടെ ഭാഗമായി നടപ്പിൽ വരുത്തിയതെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.
കോട്ടയം ജില്ലയിൽ ആദ്യമായി ഒരു ഡിമെൻഷ്യഹോം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഓർമ്മശക്തി കുറയുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്ന നമ്മുടെ വീടുകളിലെ മുതിർന്നവരെ സംരക്ഷിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും വേണ്ടിയാണ് ഡിമെൻഷ്യഹോം സ്ഥാപിക്കുന്നത്.
കഴിഞ്ഞവര്‍ഷം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി 24. 86 കോടി രൂപയുടെ സൗജന്യ ചികിത്സാ സഹായം നൽകാൻ കാരിത്താസ് ആശുപത്രിക്ക് സാധിച്ചു. പാവപ്പെട്ട ഹൃദയസംബന്ധ രോഗികൾക്കായി കാരിത്താസ് ഹാർട്ട് ഫൗണ്ടേഷനും, സുശക്തമായ പാലിയേറ്റീവ് കെയർ യൂണിറ്റും നിലവിൽ പ്രവർത്തനക്ഷമമാണ്. നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് സൗജന്യ കിടക്കകളും, സൗജന്യ ഭക്ഷണവും നൽകിവരുന്നുണ്ട്.
കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ മധ്യകേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനും രോഗശാന്തിക്കുമായി, 1962 -ൽ അഭിവന്ദ്യ മാര്‍ തോമസ് തറയിൽ പിതാവിനാൽ സ്ഥാപിതമായ കാരിത്താസ് ആശുപത്രി നിരവധി മഹാരഥന്മാരുടെ നേതൃത്വത്തിലൂടെ മുന്നേറിയാണ് ഇന്ന് കാണുന്ന ഉയർച്ചയിലെത്തിയത്.
‘നിസ്വാർത്ഥ സ്നേഹം ജീവൻ രക്ഷിക്കുന്നു’ എന്ന ആപ്തവാക്യത്തോടെ, ഒരു ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിൽ, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എല്ലാവിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുമെന്ന് ഉറപ്പാക്കാൻ കാരിത്താസ് എക്കാലവും പ്രതിജ്ഞാബദ്ധരാണ്. മാനവികതയുടെ, ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി പരിപോഷിപ്പിക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ ഗവേഷണവും വികസനവും പിന്തുടരുക എന്ന ഉറച്ച നിലപാടാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി കാരിത്താസ് ആശുപത്രി സ്വീകരിച്ചു പോരുന്നത്. ‘നല്ല ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം പരത്തുക’ എന്ന തത്ത്വചിന്ത ഉയർത്തിപ്പിടിക്കുകയും അതിനായി എക്കാലവും പ്രവർത്തിക്കുകയും ചെയ്യുന്നു.
60 വർഷങ്ങൾ കൊണ്ട് കാരിത്താസ് ആശുപത്രി, 40-ലധികം ഡിപ്പാര്‍ട്ടുമെന്റുകളുമുള്ള മധ്യകേരളത്തിലെ മികച്ച ആരോഗ്യ പരിരക്ഷാദാതാക്കളിലൊന്നായി വളർന്നു. വൃക്ക, ഹൃദയം, ശ്വാസകോശം, കരൾ എന്നിവയ്ക്കായി സുസജ്ജമായ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സെന്ററുകൾ ഇന്ന് കാരിത്താസ് ആശുപത്രിയിൽ സജ്ജമാണ്. മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ആശുപത്രികളിലൊന്നായി കാരിത്താസ് വേറിട്ടുനിൽക്കുകയാണ്.
വ്യക്തിയുടെ അന്തസ്സും സമൂഹത്തിന്റെ ആവശ്യങ്ങളും പരിഗണിച്ച് മാനുഷികമുഖമുള്ള പരിചരണം നൽകുക, ആരോഗ്യ പരിപാലന സേവനങ്ങളിൽ കാര്യക്ഷമതയും പരിചരണത്തിന്റെ സമത്വവും വർദ്ധിച്ചുവരുന്ന ചിലവുകളിൽ സാധാരണക്കാർക്ക് സഹായകമാകാൻ കാരിത്താസിനു കഴിയുന്നു. സർക്കാരുമായി സഹകരിച്ചുകൊണ്ടും മറ്റ് സന്നദ്ധ സംഘടനകളുമായി കൈകോർത്തും മുന്നോട്ടു പോകാനാണ് കാരിത്താസ് ആശുപത്രി എപ്പോഴും ശ്രമിക്കുന്നത്. അമ്പത് (50) കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രി ഇന്ന് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായി വളർന്നു കഴിഞ്ഞു.
ആരോഗ്യരംഗം മറ്റു ഏതൊരു കാലത്തെക്കാളും വെല്ലുവിളി നേരിടുന്ന കാലമാണിത്. കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ലോകത്തെ മുഴുവന്‍ ആരോഗ്യപ്രവർത്തകർ ജീവൻ കൊടുക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ജനങ്ങൾക്കായി ചികിത്സാമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തിയും, ബോധവത്കരണപരിപാടികൾ വിപുലമായി നടപ്പിൽ വരുത്തേണ്ട വേള കൂടിയാണിത്. ഈ മഹാമാരി കാലത്തു സര്‍ക്കാരുമായി കൈകോര്‍ത്തുകൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് കാരിത്താസ് ആശുപത്രി മുന്‍കൈ എടുത്തത്.
1975 ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് സെന്റർ, കഴിഞ്ഞ 17 വര്‍ഷങ്ങളായി സമ്പൂർണ്ണ ക്യാൻസർ കെയർ സേവനങ്ങൾ നല്കുന്ന കാരിത്താസ് ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹ്രൈബിഡ് കാത്ത് ലാബ് ഉൾപ്പടെ സമ്പൂര്‍ണ്ണ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂറോ സയന്‍സസ്, വൃക്ക, ഹൃദയ, കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ എന്നിവ ഈ കാലയളവിൽ കാരിത്താസ് ആശുപത്രിയിൽ ഉണ്ടായി. 1965 മുതൽ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്തും 1981 മുതൽ ഫാർമസി വിദ്യാഭ്യാസ രംഗത്തും കാരിത്താസ് മുൻനിര സാന്നിധ്യമാണ്. ഈ സ്ഥാപനങ്ങൾ എല്ലാംതന്നെ അവയുടെ പ്രവര്ത്തനസേവന മികവുകൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ളവയാണ്.
ആരോഗ്യസംരക്ഷണത്തിൽ ആഗോള അംഗീകാരങ്ങൾ നേടിയെടുത്ത് അത് സമൂഹത്തിന്റെ നല്ല ആരോഗ്യത്തിനായി സമർപ്പിക്കുവാനും ഇക്കാലയളവിൽ കാരിത്താസിനു കഴിഞ്ഞിട്ടുണ്ട്. കോട്ടയത്ത് ആദ്യമായി ആതുരസേവനത്തിൽ അന്താരാഷ്ട്ര ഗുണമേന്മയ്ക്കുള്ള NABH , NABH നഴ്സിംഗ് എക്സലൻസ്, NABL എന്നീ അംഗീകാരങ്ങളും മധ്യകേരളത്തിലാദ്യമായി NABH എത്തിക്സ് കമ്മിറ്റി അംഗീകാരവും ലഭിച്ചത് കാരിത്താസിനാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ച ആരോഗ്യനിലവാരം നേടിയെടുത്തിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാനം ജീവിതശൈലി രോഗങ്ങളുടെയും സാംക്രമിക രോഗങ്ങളുടെയും, കോവിഡ് പോലെയുള്ള മഹാമാരികളുടെയും വെല്ലുവിളികൾ ഏറ്റെടുത്തു പരിഹരിക്കേണ്ടതുണ്ട്. കുറഞ്ഞചെലവിൽ, മെച്ചപ്പെട്ട ചികിത്സ സാധാരണ ജനങ്ങൾക്ക് നല്കുന്നതിൽ വിജയിച്ച ‘കേരള മോഡലിൽ’ ഒരു പ്രധാന പങ്കുവഹിക്കുവാൻ സാധിച്ചതിൽ ഒരു മിഷൻ ആശുപത്രി എന്ന നിലയിൽ കാരിത്താസ് ഏറെ അഭിമാനിക്കുന്നു.
2022 ആഗസ്റ്റ് 29 തിങ്കൾ രാവിലെ11 മണിക്ക് ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ കോട്ടയം അതിരൂപത മെത്രാപോലീത്താ മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മാർ ജോസഫ് പണ്ടാരശ്ശേരിൽ, ശ്രീ. തോമസ് ചാഴിക്കാടൻ എം.പി, ശ്രീ അഡ്വ മോൻസ് ജോസഫ് എം.എൽ.എ., ശ്രീ പി യു തോമസ് [നവജീവൻ ട്രസ്ററ് ] കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, അസി. ഡയറക്ടർ ഫാ. ജിനു കാവിൽ, കാരിത്താസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ബോബി എൻ. എബ്രഹാം തുടങ്ങി നിരവധി പേർ പങ്കെടുക്കും.
Post Your Comments