മുംബൈ: ഇന്ത്യൻ ഇതിഹാസ സ്‌പിന്നര്‍ അനിൽ കുംബ്ലെയെ ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സ് ടീം പരിശീലക സ്ഥാനത്ത് നിന്ന് നീക്കി. മൂന്ന് വര്‍ഷമായി പഞ്ചാബ് കിംഗ്സിന്‍റെ പരിശീലകനായിരുന്നു കുംബ്ലെ. മൂന്ന് സീസണില്‍ ഒന്നില്‍ പോലും പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാന്‍ കുംബ്ലെക്കായില്ല. ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരാക്കിയ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍, പരിശീലകന്‍ ട്രെവര്‍ ബെയ്ലിസ്, മുന്‍ ഇന്ത്യന്‍ പരിശീലകർ എന്നിവരെയാണ് പരിശീലക സ്ഥാനത്തേക്ക് പഞ്ചാബ് കിംഗ്സ് പരിഗണിക്കുന്നത്.
2020ലാണ് കുംബ്ലെ പഞ്ചാബ് കിംഗ്സിന്‍റെ പരിശീലകനായി എത്തുന്നത്. ആദ്യ രണ്ട് സീസണില്‍ കെ എല്‍ രാഹുലായിരുന്നു ടീമിനെ നയിച്ചത്. കഴിഞ്ഞ സീസണില്‍ മായങ്ക് അഗര്‍വാളായിരുന്നു പഞ്ചാബിനെ നയിച്ചത്. നടി പ്രീതി സിന്‍റ, വ്യവസായി മോഹിത് ബര്‍മന്‍, നെസ് വാഡിയ, കരണ്‍ പോള്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് മേനോന്‍ എന്നിവരടങ്ങിയ ബോര്‍ഡ് യോഗമാണ് കുംബ്ലെയെ പരിശീലക സ്ഥാനത്തു നിന്ന് നീക്കാന്‍ തീരുമാനമെടുത്തത്.
Read Also:- കരള്‍ രോഗങ്ങൾ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ദേശീയ ടീം പരിശീലകനായുള്ള മികച്ച റെക്കോര്‍ഡിന്‍റെ കരുത്തിലാണ് അനില്‍ കുംബ്ലെ പഞ്ചാബ് കിംഗ്‌സിന്‍റെ ചുമതലയേറ്റെടുത്തത്. എന്നാൽ, ടീമിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. കുംബ്ലെ മുഖ്യ പരിശീലകനായ മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ താരലേലത്തിൽ മികച്ച പ്രകടനം നടത്തിയെന്ന് പൊതുവെ വിലയിരുത്തപ്പെട്ടിട്ടും ടീം തെരഞ്ഞെടുപ്പിലെ അടക്കം പാളിച്ചകള്‍ കാരണം പ്ലേ ഓഫിൽ കടക്കാനായില്ല. ഇതോടെയാണ് കുംബ്ലെയുടെ കരാര്‍ നീട്ടേണ്ടെന്ന് ഉടമകൾ തീരുമാനിച്ചത്.
Post Your Comments