സി.പി.ഐ.എം നേതാവ് പി ജയരാജന് നേരെ മുൻപൊരു ഓണക്കാലത്ത് ഉണ്ടായ ആക്രമണത്തെ കുറിച്ച് മകൻ ജെയ്ൻ രാജ്. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലേക്ക് ഇരച്ച് വന്ന അക്രമികളെ കളരി അഭ്യാസിയുടെ മെയ്വഴക്കത്തോട് കൂടി ചൂരൽ കസേര കൊണ്ട് നേരിട്ട അച്ഛനാണ് തന്റെ ഹീറോയെന്ന് ജെയ്ൻ പറയുന്നു. ജയരാജന് നേരെ വർഷങ്ങൾക്ക് മുൻപൊരു ഓഗസ്റ്റ് 25 നായിരുന്നു ആക്രമണം നടന്നത്.
ജെയ്ൻ രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
എല്ലാ ഓണവും ആഗസ്റ്റ് മാസത്തിലെ അവസാന ദിവസങ്ങളും ഓർമകളുടെ കുത്തൊഴുക്കായാണ് പുലരുന്നത്..
ഓർമകളിലെ പഴയ ആ ഓണം ഞാനും അനിയനും കോഴിക്കോട് സതിയമ്മയുടെ വീട്ടിൽ ആയിരുന്നു.. കുട്ടികാലത്തെ ഓണം അവധി അങ്ങനെ ആണല്ലോ.. എല്ലാ സന്തോഷങ്ങൾക്കും മേലെ അന്ന് വൈകുന്നേരം 5:30ന് സതിയമ്മയുടെ വീട്ടിലെ ലാന്റ് ഫോണിൽ ഒരു കോൾ വന്നു.. ആ കോൾ വന്നതും സതിയമ്മയുടെ വാക്കുകൾ ഇടറുന്നതും.. കൈകൾ വിറക്കുന്നതും.. ഞാൻ കണ്ടു.. പിന്നീട് സതിയമ്മ ഞങ്ങളുടെ കൈകൾ ചേർത്തു പിടിച്ചു മുറിഞ്ഞു വീഴുന്ന വാക്കുകളിൽ കൂടി. വിറക്കുന്ന കൈകൾ കൊണ്ട് ആ സത്യം ഞങ്ങളോട് പറഞ്ഞു, രായേട്ടനെ ആർ എസ് എസ് കാർ വീട്ടിൽ കയറി ചെയ്തു.. പിന്നീട് എല്ലാം ഒരു ആന്തലോടെ ആണ് കേട്ടത്..
അച്ഛനെ കോഴിക്കോട് കൊണ്ട് പോയ് എന്നും പിന്നീട് അവിടെ നിന്നും എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയിൽ കൊണ്ട് പോകുന്നു എന്നും ഒക്കെ.. പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് കിഴക്കേ കതിരൂരിലെ വീട്ടിലേക്ക് ഞാൻ തിരിച്ചു വന്നത്. വീടിന്റെ മുൻ വശത്ത് ബോംബ് വീണു പിളർന്ന പാടുകൾ.. ചുമരിൽ പറ്റി പിടിച്ച നാടൻബോംബിന്റെ ചാക്ക് നൂലുകൾ.. വീട്ടിന്റെ ഉളിൽ വെട്ടുകൊണ്ട് പിളർന്നു കിടക്കുന്ന അച്ഛന്റെ ചൂരൽ കസേര.. നെടുകെ പിളർന്നു കിടക്കുന്ന ടി വി.. നമ്മൾ നമ്മുടേതെന്ന് വിശ്വസിച്ചു നിൽക്കുന്നയിടത്തു നമ്മുടേതായി ഒന്നും ഇല്ലാത്ത അവസ്ഥ.. അമ്മയോളം പ്രിയപ്പെട്ട അച്ഛനും ഇല്ല.. അച്ഛന് എന്തു സംഭവിച്ചു എന്നുള്ള ചിന്ത..
അന്നവർ RSS ചെയ്തത് ഞങ്ങളുടെ കിഴക്കേ കതിരൂരിലെ വീട്ടിൽ നിന്നും 800 മീറ്റർ അകലെയുള്ള ശ്രീ കൂർമ്പ ഭഗവതി കാവിലേക്ക് നാട്ടുകാരുടെ ശ്രദ്ധ തിരിക്കുവാനായി ബോംബ് എറിയുക ആയിരുന്നു.. അന്ന് പത്തോളം പേര് ഉൾപ്പെടുന്ന സംഘം ബോംബ് എറിഞ്ഞു ഭീതി പരത്തി.. ആ സ്ഫോടന ശബ്ദം കേട്ട് സഖാക്കൾ അങ്ങോട്ട് നീങ്ങിയ സമയം നോക്കിയാണ് മുപ്പത്തോളം പേരങ്ങുന്ന മറ്റൊരു സംഘം വീട്ടിലേക്ക് ഇരച്ചു കയറിയത്..
തുടരെ തുടരെ ഉള്ള സ്ഫോടനശബ്ദം കേട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങി നിന്ന അച്ഛൻ കാണുന്നതും വാളും ബോംബും കൊണ്ട് കയറി വരുന്ന ആർ എസ് എസ് കൊലയാളി സംഘത്തെ ആയിരുന്നു.. വീട്ടിൽ കയറി വാതിൽ അടക്കാൻ ഉള്ള ശ്രമം നടത്തിയെങ്കിലും ഓടി കയറിയ അക്രമികൾ വടിവാൾ വാതിലിൽ തിരുകി കയറ്റി ആ ശ്രമം തടഞ്ഞു.. അന്ന് നാലുപേരാണ് വീട്ടിൽ കയറി വെട്ടിയത്. കൈ മഴുവും വടിവാളും ഉപയോഗിച്ചു തുടരെ തുടരെ വെട്ടുകൾ.. കയ്യിൽ കിട്ടിയ ചൂരൽ കസേരയും മനോധൈര്യവും ഉപയോഗിച്ച് വെട്ടുകൾ നേരിട്ടത് കൊണ്ട് ജീവൻ ബാക്കിയായി.. അന്നവർക് ഒരു മിനിറ്റ് കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ ചിത്രവും ചരിത്രവും മറ്റൊന്ന് ആയേനെ
അത് വരെ അച്ഛൻ കാണിച്ച സ്നേഹം പിന്നീട് അങ്ങോട്ടായ് ചലന ശേഷി നഷ്ടപെട്ട വലതു കൈക്ക് പകരമായി. ചോറ് വാരി കൊടുക്കുന്നത് മുതൽ നഖം വെട്ടി കൊടുക്കുക കുപ്പായം ഇടുമ്പോൾ ബട്ടൺ ഇട്ടു കൊടുക്കുക..പൊങ്ങി നിന്ന മീശയിലെ നരച്ച രോമങ്ങൾ വെട്ടിയൊതുക്കി കൊടുക്കുക,ഒക്കെ ആയി അച്ഛനോട് ചേർന്ന് നിന്നു. അച്ഛൻ എന്ന വലിയ തണലിനെ ഓർക്കുമ്പോൾ ഒരുപാട് ഓർമ്മകൾ ഉണ്ട്. ഓർക്കാൻ ആഗ്രഹിക്കുന്നതും. ഓർമകളിൽ നില നിൽക്കുന്നതുമായ ഒരുപാട്.. അന്ന് ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം.. ഏതോ ഒരു പ്രശ്നത്തിൽ പെട്ട ഒരാൾക്ക് അച്ഛൻ എന്തോ സഹായം ചെയ്തു. പിറ്റേ ദിവസം അയാൾ രണ്ടും കൈയ്യിൽ ബേക്കറി സാധനങ്ങളുമൊക്കെയായി വീട്ടിലേക്ക് വന്നു. ആ കാലത്ത് ഇന്നുള്ളത് പോലെ വീടുകളിൽ ബേക്കറി സാധനങ്ങൾ വാങ്ങലുകൾ പതിവുള്ളതായിരുന്നില്ല.. ബേക്കറി സാധനങ്ങൾ ഇപ്പോ കിട്ടുമെന്ന് ധാരണയിൽ ഞാനും അനിയനും വീടിന്റെ പടിയിൽ നിന്ന് കവറിലേക്ക് അയാളെ തന്നെ നോക്കുന്നു..ഇത് ഇവിടെ വേണ്ടെന്ന് പറഞ്ഞ് അയാളെ അച്ഛൻ തിരിച്ചയച്ചു.. അന്ന് അച്ഛനോട് തോന്നിയ ദേഷ്യം ചില്ലറയായിരുന്നില്ല.. ആ അച്ഛനെ കുറിച്ച് ഇന്നോർക്കുമ്പോൾ അഭിമാനവും..
പത്ത് മുപ്പത് കൊല്ലങ്ങൾക്കിപ്പുറം അന്ന് ബേക്കറി സാധനങ്ങളുമായി വന്ന ആളിന്റെ മുഖം ഓർമ്മയില്ലെങ്കിലും, രൂപം നന്നായി ഓർക്കുന്നുണ്ട് ഞാൻ.. വെളുത്ത് മുടി ഇല്ലാത്ത നീളം കുറഞ്ഞ ഒരു മനുഷ്യൻ.. അന്ന് അച്ഛന് ഡ്രൈവിങ് ഒരുപാട് ഇഷ്ടമായിരുന്നു അച്ഛന്റെ സുഹൃത്തിന്റെ കാറിൽ ഞങ്ങളെ കൂട്ടി പോകുമായിരുന്നു.. രണ്ടു കൈ കൊണ്ടും താളം പിടിച്ചു അച്ഛന്റെ ഡ്രൈവിംഗ് കുറച്ചു കാലം ആണെങ്കിലും ഞങ്ങൾ ആസ്വദിച്ചിരുന്നു .. കമ്മ്യുണിസ്റ്റ് ആയതു കൊണ്ട് ചില ജീവിതങ്ങൾ അനുഭവിക്കാൻ മാത്രം ബാധ്യസ്ഥർ ആണല്ലോ.. ഞങ്ങളെ ജീവനെയും ജീവിതവും മാറ്റി മറിച്ചത് സംഘപരിവാറിന്റെ ഒരൊറ്റ തീരുമാനം ആയിരുന്നല്ലോ ജയരാജൻ ഇനി ഓണം ഉണ്ണണ്ട എന്നുള്ള തീരുമാനം.
ആ തീരുമാനവുമായി കൈമഴുവും വടിവാളുമായി വന്ന നാലുപേരെ കളരിയഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വെറുമൊരു ചൂരൽ കസേര കൊണ്ട് നേരിട്ട അച്ഛൻ തന്നെയാണ് എന്റെ ഏറ്റവും വലിയ ഹീറോ.. ഇന്ന് ആ ദിവസമാണ് ഓർമയിൽ ചോര ചിതറിയ ദിവസം..
Post Your Comments