തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് പിന്നാലെ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരെ മുസ്ലീം സംഘടനകളാണ് രംഗത്തെത്തിയത്. ഇതോടെ, കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തിന് പിന്നാലെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിലെ ചോദ്യത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ല എന്നൊരു പ്രസ്താവന വന്നപ്പോള്‍, കുട്ടികള്‍ ഒന്നിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍, ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകള്‍ മിക്സഡ് ആക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ നിന്ന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശം ഇന്നലെ ഒഴിവാക്കിയിരുന്നു. ക്ലാസുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യവും തിരുത്തി. ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂള്‍ അന്തരീക്ഷം എന്ന വാക്കാണ് ഉള്‍പ്പെടുത്തിയത്. ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് മാറ്റി, പകരം ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി മാറ്റുകയുമുണ്ടായി.
Post Your Comments