Latest NewsKeralaIndia

‘ഈ വളയമില്ലാത്തചാട്ടം അവസാനിപ്പിക്കണം, ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവത്തിൽ’ : കോടിയേരി

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ്. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഗവര്‍ണറുടെ നടപടികളെന്ന് കോടിയേരി ആരോപിച്ചു. ഗവര്‍ണറും സര്‍ക്കാരും രണ്ട് പക്ഷത്തായി നിലയുറപ്പിച്ചിരിക്കുകയാണ്.  ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവത്തിലാണെന്നും സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയല്ല, കേന്ദ്രം നിയമിച്ച ഗവര്‍ണറാണ് വിഷയം. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേണം ഖാന്റെ കടിഞ്ഞാണില്ലാത്ത നടപടികളെ കാണേണ്ടത്. ഗവര്‍ണറുടെ നടപടി കേന്ദ്രത്തിലെ ആര്‍എസ്എസ്- ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്തുന്നതിനും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനില്‍ക്കെ സമാന്തരഭരണം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല.’ ഗവര്‍ണറുടെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്ത സമീപനങ്ങള്‍ ഉണ്ടായിട്ടും അതിനെല്ലാം സര്‍ക്കാരും മുഖ്യമന്ത്രിയും തികഞ്ഞ ക്ഷമാശീലവും സംയമനവും പാലിച്ച് സ്‌ഫോടനാവസ്ഥ ഒഴിവാക്കുകയായിരുന്നുവെന്ന് ലേഖനത്തില്‍ കോടിയേരി പറയുന്നു.

മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണറുടേത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ബിജെപി- ആര്‍എസ്എസ് രാഷ്ട്രീയ ചേരിയെ ആഹ്ളാദിപ്പിക്കുകയാണ് ഗവര്‍ണര്‍. മുമ്പ് ഗവര്‍ണര്‍ തന്നെ അംഗീകരിച്ച് ഓര്‍ഡിനന്‍സായി പുറത്തുവന്ന നിയമങ്ങളാണ് അംഗീകാരത്തിനായി എത്തിയത്. അവ മടക്കി അയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അതും ചെയ്തില്ല. ഈ സാഹചര്യത്തിലാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നത്. സര്‍വകലാശാലകളില്‍ നടക്കുന്ന നിയമനങ്ങളെ വന്‍ക്രമക്കേടായി ചിത്രീകരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് പ്രതിപക്ഷ കക്ഷികള്‍ താങ്ങ് നല്‍കുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്.

മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത. ഗവര്‍ണര്‍ക്ക് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഗവര്‍ണര്‍- സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഗവര്‍ണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരായ ആക്രോശവും ചുവടുവെയ്പ്പും.

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന മുന്‍നിര ചരിത്രകാരനാണ്. ലോകം ബഹുമാനിക്കുന്ന ചരിത്രകാരനായ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബിനെ തെരുവുഗുണ്ടയെന്ന് വിളിക്കുന്നതിലേക്ക് ഗവര്‍ണറുടെ അവിവേകം എത്തിയിരിക്കുന്നു. ഗവര്‍ണറും എല്‍ഡിഎഫ് സര്‍ക്കാരും രണ്ടു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് ഒറ്റനോട്ടത്തില്‍ കാണുന്നത്. ഇതിന് അടിസ്ഥാനം മോദി സര്‍ക്കാരിന്റെ രാഷ്ട്രീയനയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണ്. ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാര്‍ നിലവിലുള്ളപ്പോള്‍ ഗവര്‍ണര്‍ യഥാര്‍ത്ഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണ്.

ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പോ, രാഷ്ട്രപതിക്കും സംസ്ഥാനമന്ത്രിസഭയ്ക്കും മധ്യേയുള്ള തപാല്‍ ഓഫീസോ ആയി പരിമിതപ്പെടണമെന്ന് എല്‍ഡിഎഫ് ശഠിക്കുന്നില്ല. ഭരണഘടനാ വ്യവസ്ഥകള്‍ പരിശോധിക്കാനും അവ ആസ്വദിക്കാനും ഗവര്‍ണര്‍ക്ക് കഴിയും. എന്നാല്‍ ഭരണഘടനയ്ക്ക് വിധേയമാകാതെ പ്രവര്‍ത്തിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്നത് വഴിതെറ്റലാണ്. അത്തരം വളയമില്ലാത്ത ചാട്ടം ഗവര്‍ണര്‍ അവസാനിപ്പിക്കണം’, ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. കോണ്‍ഗ്രസിന്റേത് ചരിത്രവിരുദ്ധവും ഇരട്ടത്താപ്പുമാണെന്നും കോടിയേരി വിമര്‍ശിച്ചു.

‘ലോകായുക്ത ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇത് ഭരണഘടനാ വിരുദ്ധമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. ലോക്പാല്‍ നിയമത്തിന് വേണ്ടി നിരന്തരം പോരാടിയത് ഇടതുപക്ഷമാണ്. നിയമം കൊണ്ടുവരാതിരിക്കുന്നതിന് പരമാവധി പ്രയത്‌നിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. ഭരണമെന്നാല്‍ അഴിമതിക്കുള്ള മൗലികാവകാശമാണെന്ന സിദ്ധാന്തവും പ്രയോഗവും അംഗീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കക്ഷി അഴിമതിവിരുദ്ധ നിയമത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചിറകരിയുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നത് ചരിത്രവിരുദ്ധവും ഇരട്ടത്താപ്പുമാണ്. ലേഖനത്തിൽ കോടിയേരി കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button