മലപ്പുറം: അമ്മക്കൊപ്പം ഓട്ടോയിൽ കയറാൻ ശ്രമിക്കവേ അമ്മയുടെ മുമ്പിൽ വെച്ച് ബാലിക കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷര (ആറ്) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടിൽ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.
വിവാഹത്തിന് പോകാൻ അമ്മയ്ക്കൊപ്പം ഇറങ്ങിയതായിരുന്നു അക്ഷര. ഓട്ടോയിലേക്ക് കയറാൻ ശ്രമിക്കവേ അമിതവേഗതയിൽ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാർ അക്ഷരയെ ഇടിക്കുകയായിരുന്നു. കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി അഭിരാമി (13)ക്കും പരിക്കേറ്റു.
ഇരുവരേയും ഉടൻ തന്നെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല. കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷര. മാതാവ് : സരിത. സഹോദരൻ: അശ്വ രാഗ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments