തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ക്രിമിനൽ ആണെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ജഡ്ജ് എസ്.സുദീപ്. കേരള പോലീസിനെ വിശ്വാസമില്ലെങ്കിൽ, കേരള ഹൗസിൽ വിളിച്ചു വരുത്തി ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാൻ ശ്രമിക്കാതിരുന്നത് എന്താണെന്ന് ആദ്ദേഹം ഗവർണറോട് ചോദിക്കുന്നു.
‘ഇന്ത്യക്കാരനാണെങ്കിൽ, നിയമത്തിൽ വിശ്വാസമുണ്ടെങ്കിൽ വിശദമായ ഒരു എഫ്.ഐ.ആർ ആദ്യമേ രജിസ്റ്റർ ചെയ്യണമായിരുന്നു മിസ്റ്റർ. അതിനു പോലും കഴിയാത്തവൻ രാജ്ഭവൻ ഒഴിഞ്ഞ് വാലും ചുരുട്ടി വീട്ടിൽ പോണം. മിസ്റ്റർ ഖാൻ, ഞങ്ങൾ അരിഭക്ഷണം മാത്രമല്ല ചപ്പാത്തിയും കഴിക്കുന്നവരാണ്. നിങ്ങളെപ്പോലൊരു കടൽക്കിഴവന്റെ വ്യക്തി വിരോധത്തിൽ അധിഷ്ഠിതമായ ജല്പനങ്ങൾ വിശ്വസിക്കാൻ ഞങ്ങളുടെ പേര് ആരിഫ് മുഹമ്മദ് ഖാൻ എന്നല്ല. മലയാളി എന്നാണ്… മറക്കരുത് ആ പേര്! സർ സിപിയെ കെട്ടുകെട്ടിച്ച അതേ മലയാളി’, സുദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
എസ് സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
നിങ്ങളെ കായികമായി നേരിടാൻ തയ്യാറായവർക്കെതിരെ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ എന്തേ മിസ്റ്റർ ഖാൻ കഴിയാത്തത്? നിങ്ങളൊരു സാധാരണ പൗരനല്ല. ഗവർണറാണ്. ഒരു ക്രിമിനൽ പ്രവൃത്തി നടന്നെങ്കിൽ എന്തു ചെയ്യണമെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരാളാണെങ്കിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്യണമായിരുന്നു, മിസ്റ്റർ! നിങ്ങൾക്ക് മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും കാവൽ കിടക്കുന്ന, നിങ്ങൾക്കൊരു പോറൽ പോലും ഏൽക്കാതെ കണ്ണിലെണ്ണയൊഴിച്ചു കാക്കുന്ന കേരള പൊലീസിനെ നിങ്ങൾക്കു വിശ്വാസമില്ലെങ്കിൽ വേണ്ട. ദൽഹിയിൽ വച്ചു ഗൂഢാലോചന നടന്നു എന്നല്ലേ നിങ്ങളുടെ കണ്ടെത്തൽ? ദൽഹിയിൽ നിങ്ങളുടെ പൊലീസ് ആണല്ലോ? അതേ ദൽഹിയിൽ വച്ചാണ് നിങ്ങൾ വിസിക്കെതിരെ ഗൂഢാലോചന ആരോപിച്ച് ഇന്നു പത്രസമ്മേളനം നടത്തിയതും.
എന്തേ മിസ്റ്റർ അതിനു മുമ്പേ നിങ്ങളുടെ പൊലീസിനെ കേരള ഹൗസിൽ വിളിച്ചു വരുത്തി ഒരു എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്യാൻ നിങ്ങൾ ശ്രമിക്കാതിരുന്നത്? എന്തേ മിസ്റ്റർ? നട്ടെല്ലില്ലേ? നിങ്ങളുടെ വ്യക്തിതാല്പര്യങ്ങൾക്കു വിരുദ്ധമായി കണ്ണൂർ വിസിയെ പുന:നിയമിച്ചതു മുതൽ നിങ്ങൾ അസ്വസ്ഥനാണെന്നു ഞങ്ങൾക്കറിയാം. അതിൽ നിങ്ങൾ കുറേ വിവാദമുണ്ടാക്കി, ഇല്ലേ? എന്നിട്ടെന്തായി? കണ്ണൂർ വിസിയുടെ നിയമനം കോടതി ശരിവച്ചു! ഇപ്പോൾ പ്രിയ വർഗീസിന്റെ നിയമനം നിങ്ങൾ സ്റ്റേ ചെയ്തതിനെ കോടതിയിൽ നേരിടുമെന്നാണു കണ്ണൂർ വിസി പ്രഖ്യാപിച്ചത്. സ്വയം രാജാവെന്നും ചോദ്യം ചെയ്യലിന് അതീതന്നെന്നും കരുതുന്ന നിങ്ങൾക്കതു കേട്ട് നിയന്ത്രണം നഷ്ടപ്പെട്ടു! ഉടനെ വിസി ക്രിമിനലായി, അല്ലേ? വി.സി പറഞ്ഞത് സർവീസ് മാറ്ററിൽ കോടതിയിൽ പോകുമെന്നാണ്.
നിങ്ങളെ വിസി കായികമായി നേരിടാൻ ശ്രമിച്ചെങ്കിൽ ആ വ്യക്തിപരമായ വിഷയത്തിൽ നിങ്ങളെന്തേ ആദ്യമേ പൊലീസിനെയോ കോടതിയെയോ സമീപിച്ചില്ല? തെരുവിൽ പത്രസമ്മേളനം നടത്തി തെരുവിലാണോ നിങ്ങൾ വിസിയെ നേരിടുന്നത്? ആട്ടെ മിസ്റ്റർ ഖാൻ, എന്നായിരുന്നു നിങ്ങളെ കായികമായി നേരിടാൻ വിസി ശ്രമിച്ചത്? നേരിട്ടു തല്ലാൻ വന്നോ? അതോ ക്വട്ടേഷൻ നൽകിയോ? നിങ്ങൾ എങ്ങനെയറിഞ്ഞു? എന്നറിഞ്ഞു?
ഇന്ത്യക്കാരനാണെങ്കിൽ, നിയമത്തിൽ വിശ്വാസമുണ്ടെങ്കിൽ വിശദമായ ഒരു എഫ് ഐ ആർ ആദ്യമേ രജിസ്റ്റർ ചെയ്യണമായിരുന്നു മിസ്റ്റർ! അതിനു പോലും കഴിയാത്തവൻ രാജ്ഭവൻ ഒഴിഞ്ഞ് വാലും ചുരുട്ടി വീട്ടിൽ പോണം! മിസ്റ്റർ ഖാൻ, ഞങ്ങൾ അരിഭക്ഷണം മാത്രമല്ല ചപ്പാത്തിയും കഴിക്കുന്നവരാണ്. നിങ്ങളെപ്പോലൊരു കടൽക്കിഴവന്റെ വ്യക്തി വിരോധത്തിൽ അധിഷ്ഠിതമായ ജല്പനങ്ങൾ വിശ്വസിക്കാൻ ഞങ്ങളുടെ പേര് ആരിഫ് മുഹമ്മദ് ഖാൻ എന്നല്ല. മലയാളി എന്നാണ്… മറക്കരുത് ആ പേര്! സർ സിപിയെ കെട്ടുകെട്ടിച്ച അതേ മലയാളി!
Post Your Comments