ഡൽഹി: അഴിമതിക്കേസിൽ സി.ബി.ഐ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. റെയ്ഡിൽ ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പുതിയ തന്ത്രമെന്ന് അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാണ് സിസോദിയയുടെ ട്വീറ്റ്. ‘നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു, ഒന്നും കിട്ടിയില്ല. ഇപ്പോൾ നിങ്ങൾ മനീഷ് സിസോദിയയെ കാണാനില്ല എന്ന് പറഞ്ഞ് സർക്കുലർ ഇറക്കുന്നു. ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി? ഞാൻ ഡൽഹിയില്‍ സ്വതന്ത്രനായി സഞ്ചരിക്കുന്നുണ്ട്’, സിസോദിയ ട്വീറ്റ് ചെയ്തു.
അതേസമയം, എക്സൈസ് നയത്തിൽ വിവാദം മുറുകുമ്പോഴാണ് സി.ബി.ഐ മനീഷിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയത്. സിസോദിയയ്ക്കൊപ്പം മറ്റു 13 പേർക്കെതിരെയും സി.ബി.ഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ സൗജന്യങ്ങൾ മദ്യവ്യാപാരികൾക്ക് അനുവദിച്ചുവെന്നും ഇതിനായി വൻ തുക പ്രതിഫലം കൈപ്പറ്റി എന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. കോടിക്കണക്കിന് രൂപ താൻ മനീഷ് സിസോദിയയ്ക്കു നൽകിയിട്ടുണ്ടെന്ന് ആരോപണവുമായി സമീർ മഹേന്ദ്ര രംഗത്ത് വന്നതിന് പിന്നാലെയാണ് വിവാദം.
ഒരു വ്യക്തി രാജ്യം വിട്ടു പോകുന്നത് തടയുന്നതിനും, ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുന്നതിനും അധികാരം നൽകുന്നതാണ് ലുക്കൗട്ട് സർക്കുലർ. കേസുമായി ബന്ധപ്പെട്ട് ചിലരെ സി.ബി.ഐ ചോദ്യം ചെയ്യാനായി ശനിയാഴ്ച വിളിപ്പിച്ചിരുന്നു.
Post Your Comments