മലപ്പുറം: ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പണം തട്ടിയ കേസിൽ ലോക്കൽ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്താനൊരുങ്ങി സിപിഎം. മാറാക്കര ലോക്കൽ സെക്രട്ടറിക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്താൻ വളാഞ്ചേരി ഏരിയ കമ്മിറ്റി രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലബാർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു പണം വാങ്ങിയതുൾപ്പെടെ ലോക്കൽ സെക്രട്ടറിക്കെതിരെ ഒട്ടേറെ ആരോപണങ്ങളടങ്ങുന്ന പരാതി ഒരു വിഭാഗം പ്രവർത്തകർ വളാഞ്ചേരി ഏരിയ കമ്മിറ്റിക്കു നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്തു. തുടർന്നാണ് 2 ഏരിയ കമ്മിറ്റി അംഗങ്ങളടങ്ങിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ തുടർ നടപടി സ്വീകരിക്കും.
ലോക്കൽ കമ്മിറ്റി നിർമ്മിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ടു നടന്നതായി ആരോപിക്കുന്ന സാമ്പത്തിക ക്രമക്കേടും കമ്മീഷൻ അന്വേഷിക്കും. ആരോപണം പാർട്ടിക്കകത്തും പുറത്തും ഏറെ നാളായി പുകയുന്നുണ്ടെങ്കിലും പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ഏരിയ കമ്മിറ്റിയുടെ പരസ്യ നിലപാട്. അതേസമയം, ക്ഷേത്ര ജീവനക്കാരെ നിയമിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
Post Your Comments