ഹൈദരാബാദ്: തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ് ആര്‍.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കാന്‍ തയ്യാറെടുക്കുന്നു. ആർ.എസ്.എസിനെ തെറ്റിദ്ധരിച്ചതിൽ പശ്ചാത്താപമുണ്ടെന്നും, സംഘടനയെ കുറിച്ച് ഉടൻ തന്നെ ഒരു സിനിമ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്ത് 16 ചൊവ്വാഴ്ച വിജയവാഡയിൽ ആർ.എസ്.എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം രാം മാധവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിനെ മഹത്വവത്കരിക്കുന്ന ഒരു സിനിമയും വെബ് സീരീസും താൻ പുറത്തിറക്കുമെന്ന് സംവിധായകൻ രാജമൗലിയുടെ പിതാവ് കൂടിയായ വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ആർ.എസ്.എസിനെ കുറിച്ചുള്ള തന്റെ മുൻ നിഷേധാത്മക അഭിപ്രായം മാറിയെന്നും അദ്ദേഹം പറഞ്ഞു. കെ.ബി ഹെഡ്‌ഗേവാർ, എം.എസ് ഗോൾവാൾക്കർ, വീർ സവർക്കർ, കെ.എസ് സുദർശൻ, മോഹൻ ഭഗവത് തുടങ്ങിയവര്‍ ഉൾപ്പെടുന്ന ആർ.എസ്.എസിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ടവരെക്കുറിച്ചും വിജയേന്ദ്ര പ്രസാദ് ഒരു സിനിമ എഴുതുമെന്ന് 2018-ലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
‘എനിക്ക് നിങ്ങള്‍ക്ക് മുന്നില്‍ ഒരു സത്യം പറയാനുണ്ട്. മൂന്നോ നാലോ വര്‍ഷം മുന്‍പു വരെ എനിക്ക് ആർ.എസ്.എസിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. എന്നാല്‍, നാല് വര്‍ഷം മുന്‍പ് ചിലര്‍ എന്നോട് ആർ.എസ്.എസിനെക്കുറിച്ച് ഒരു തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടു. അതിന് പ്രതിഫലവും നല്‍കി. ഞാന്‍ നാഗ്പൂരില്‍ പോയി മോഹന്‍ ഭഗവതിനെ കണ്ടു. ഒരു ദിവസം അവിടെ താമസിച്ച്, ആർ.എസ്.എസ് എന്താണെന്ന് ഞാന്‍ ആദ്യമായി മനസ്സിലാക്കി. ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് കുറിച്ച് മനസിലാക്കാതിരുന്നതില്‍ എനിക്ക് ഒരുപാട് പശ്ചാത്താപം തോന്നി’- വിജയേന്ദ്രപ്രസാദ് പറഞ്ഞു.
ആർ.എസ്.എസ് ഇല്ലായിരുന്നെങ്കില്‍ കശ്മീര്‍ ഉണ്ടാകുമായിരുന്നില്ല എന്നും അത് പാകിസ്ഥാനുമായി ലയിക്കുമായിരുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ മരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭഗവധ്വജ് എന്ന പേരിലാണ് സിനിമ ഒരുക്കുന്നത്. മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
Post Your Comments