
പത്തനംതിട്ട: ഓമല്ലൂരിലെ ഇരുമ്പ് കടയിൽ ജോലിക്ക് നിന്ന അന്യസംസ്ഥാന തൊഴിലാളി പോക്സോക്കേസിൽ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ ബിമൽ നാഗ് ബെൻഷി (24) എന്നയാളാണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്.
17 വയസുള്ള പെൺകുട്ടിയെ പശ്ചിമ ബംഗാളിൽ നിന്നും തട്ടിക്കൊണ്ടു പോയതിന് റായ്ഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അവിടെ ശക്തിവാഹൻ എന്ന സംഘടന റായ്ഗഞ്ച് പൊലീസിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷനിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
Read Also : ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് പ്രത്യേക അധികാരവും അംഗീകാരവും നല്കി അമേരിക്ക
യുവാവിന്റെയും പെൺകുട്ടിയുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവർ കായംകുളത്തുണ്ടെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി ഓമല്ലൂരിൽ നിന്ന് പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് തട്ടിക്കൊണ്ടുവന്ന്, ഇയാളുടെ താമസസ്ഥലത്തെ ചെറിയ മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്കു നേരെ ഇയാൾ ലൈംഗിക അതിക്രമം കാട്ടിയതായി വ്യക്തമായതോടെ പത്തനംതിട്ട പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്, ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments